മരുന്ന് വാങ്ങാൻ സർക്കാരിന് പണമില്ല, വയോജനങ്ങളെ വലച്ച് “വയോമിത്രം “
കട്ടപ്പന : അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായി സാമൂഹിക സുരക്ഷാ മിഷൻ വഴി നഗരസഭകൾതോറും ആവിഷ്കരിച്ചതാണ് വയോമിത്രം പദ്ധതി.ജീവിത ശൈലീ രോഗങ്ങൾ മൂലം വയോമിത്രത്തെ ആശ്രയിച്ചിരുന്ന ഒരു വിഭാഗം ആളുകൾക്ക് തിരിച്ചടിയായി ഇവയുടെ പ്രവർത്തനം താളം തെറ്റിക്കഴിഞ്ഞു. കഴിഞ്ഞ 3 ആഴ്ച്ചയായി വയോമിത്രം കേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ മരുന്നുകൾ എത്തുന്നില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.30 ശതമാനം മരുന്നുകളുടെ കുറവാണ് ഇപ്പോഴുള്ളത്.പ്രമേഹം, കൊളസ്ട്രോൾ, പോലുള്ള ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളാണ് ലഭിക്കാത്തവയിൽ ഏറെയും. മരുന്നുകൾ വാങ്ങാൻ സർക്കാർ ഖജനാവിൽ പണമില്ലാത്തതാണ് ദൗർലഭ്യത്തിന് കാരണമെന്നാണ് സൂചന.കൊവിഡ് രോഗ വ്യാപനത്തിന് മുൻപ് വരെ വളരെ സുഗമമായിട്ടാണ് തദ്ദേശ സ്ഥാപനങ്ങളിൽ വയോമിത്ര കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്.രോഗ വ്യാപനത്തോടെ വാർഡുകൾ തോറുമുള്ള മൊബൈൽ ക്ലിനിക് സൗകര്യം പകുതിയായി വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് ക്ഷാമവും കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കിയിരിക്കുന്നത്.
മരുന്നുകൾ എന്ന് വരും ?
നിലവിൽ ദൗർലഭ്യം നേരിടുന്ന മരുന്നുകൾ എന്നെത്തുമെന്നതിൽ സാമൂഹിക സുരക്ഷാ മിഷനും നിശ്ചയമില്ല. കെ എം സി വഴിയാണ് മരുന്നുകൾ അതത് കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നത്.ലഭ്യതക്കുറവ് പരിഹരിക്കാൻ വകുപ്പ് മന്ത്രി ഇടപെട്ട് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും , വ്യക്തതയില്ല. ജീവിത ശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന വയോധികരോട് താത്ക്കാലം പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കാനാണ് ഡോക്ടർമാരും നിർദ്ദേശിക്കുന്നത്.
ഇടുക്കിയിലും മരുന്നില്ല.
ജില്ലയിലെ തൊടുപുഴ ,കട്ടപ്പന നഗരസഭകളിലാണ് വയോമിത്ര കേന്ദ്രങ്ങൾ ഉള്ളത്.ഇരു സ്ഥലങ്ങളിലുമായി ആറായിരത്തിലധികം വയോജനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ രണ്ട് വാർഡുകൾക്ക് ഒരു ക്ലിനിക്ക് എന്ന നിലയിലാണ് പ്രവർത്തനം. ഡോക്ടർ, നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ ക്ലിനിക്കുകളിലെത്തി
പരിശോധിച്ച് മരുന്നുകൊടുക്കുന്നതാണ് രീതി. മാസത്തിൽ രണ്ട് തവണയാണ് ആരോഗ്യ പ്രവർത്തകർ ക്ലിനിക്കുകളിൽ എത്തിയിരുന്നത്. എന്നാൽ കൊവിഡ് വന്നതോടെ മാസത്തിൽ ഒരു തവണയായി ചുരുങ്ങി.
ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ്
പ്രായമേറിയ ഹൃദ്രോഗികൾ അടക്കുള്ളവർ ആശ്രയിക്കുന്ന വയോമിത്രം പദ്ധതിയിലെ മരുന്ന് ലഭ്യതക്കുറവ് ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സാധാരക്കാരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ.ഇവർക്ക് പുറത്ത് നിന്ന് വലിയ വില നൽകി മരുന്ന് വാങ്ങാൻ കഴിയില്ല. മരുന്ന് ലഭ്യത ഉറപ്പ് വരുത്തുവാൻ വകുപ്പ് മന്ത്രിമാർ ഇടപെടണമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.