സഹകരണ ബാങ്കുകളെ കുറിച്ചുള്ള പരാതി ആരോടു പറയും?
സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ കുറിച്ച് പലവിധ പരാതികളാണ് പരക്കെയുള്ളത്. പക്ഷേ എവിടെ പരാതിപ്പെട്ടാൽ പരിഹാരം കിട്ടുമെന്നതിനെക്കുറിച്ച് അറിയാത്തതിനാൽ അവയെല്ലാം സഹിക്കുകയായിരുന്നു ഇടപാടുകാർ. എന്നാൽ ഇനി സഹകരണ ബാങ്കുകളെക്കുറിച്ചും ബാങ്കിങ് ഓംബുഡ്സ്മാനോട് പരാതിപ്പെടാം.റിസർവ് ബാങ്കിന്റെ ഏകീകൃത പരാതി പരിഹാര സംവിധാനമായ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്റെ പരിധിയിൽ നോൺ ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തിയതോടെയാണിത്.
2006 ലെ ചട്ടമനുസരിച്ച് ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകൾ ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഇതിനു പുറമെയാണ് 50 കോടി രൂപയിലധികം നിക്ഷേപമുള്ള നോൺ ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകൾക്കെതിരെയുള്ള പരാതികളും പരിഗണിക്കുന്നത്. കേരളത്തിൽ ഇത്തരം 60 സഹകരണ ബാങ്കുകൾ ഉണ്ട് .
അക്കൗണ്ട് ഉടമകൾക്കുള്ള ധനനഷ്ടം പരിഗണിച്ച് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും. ഇതിനു പുറമെ സമയ നഷ്ടം, മാനസിക ക്ലേശം തുടങ്ങിയവയ്ക്ക് ഒരു ലക്ഷം വരെ വിധിക്കാം. ബന്ധപ്പെട്ട ബാങ്കിൽ പരാതി നൽകി 30 ദിവസത്തിനകം അനുകൂല നടപടിയില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാം. സേവനം സൗജന്യമാണ്.
cms.rbi.org.in എന്ന വെബ് സൈറ്റിലൂടെ പരാതി സമർപ്പിക്കാം. ഏതു ഭാഷയിലും പരാതി നൽകാം. ഇതിനുള്ള മാതൃകയും പരിധിയിൽ വരുന്ന ബാങ്കുകളും വെബ് സൈറ്റിൽ ഉണ്ട്. ഇ മെയിൽ : [email protected]. ഫോൺ :14448 (ടോൾ ഫ്രീ ) മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ സംസാരിക്കാം.