പൂട്ടിക്കിടക്കുന്ന ലോൺട്രി ഫാക്ടറിയിലെ മെഷിനുകൾ കടത്താൻ ശ്രമം, ചീന്തലാർ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽനിന്ന് റോളർ അടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ചുകടത്തുന്നതിനിടെ ഒരാൾ അറസ്റ്റിൽ. ചീന്തലാർ, കാറ്റാടിക്കവല മലക്കരവീട്ടിൽ ബിനു(36)വിനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തത്. ഒപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
ഞായറാഴ്ച പകൽ 12 മണിയോടെയാണ് സംഭവം. ഫാക്ടറിക്കുള്ളിൽനിന്ന് മോഷണവസ്തു പുറത്തെത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന തൊഴിലാളികൾ കണ്ടു. വിവരം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. പ്രദേശവാസികൾ തടഞ്ഞുവച്ച ബിനുവിനെ ഉപ്പുതറ പോലീസിന് കൈമാറി.
കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കൊളുന്ത് അരയ്ക്കുന്ന സി.റ്റി.സി.റോളർ, മോട്ടോർ, ആഗ്ളേയറുകൾ എന്നിവയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. 21 വർഷമായി അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽനിന്ന് ഇതിനുമുൻപും പലതവണ മോഷണം നടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.