തിങ്കളാഴ്ച മുതൽ മെഡി. കോളജ് ഡോക്ടർമാരും പണിമുടക്കും; അയയാതെ സർക്കാർ
തിരുവനന്തപുരം∙ സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ പണിമുടക്ക് തിങ്കളാഴ്ച മുതൽ. ഒപി, ഐപി, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവ ബഹിഷ്കരിക്കും. പിജി ഡോക്ടർമാരെ പിന്തുണച്ചുള്ള ഹൗസ് സർജന്മാരുടെ സൂചനാപണിമുടക്കും തിങ്കളാഴ്ചയാണ്.
എന്നാൽ, ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. സമരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖൊബ്രഗഡെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു. അറ്റൻഡൻസ് ഇല്ലാത്തവർക്കു പരീക്ഷ എഴുതാനാകില്ലെന്നും സ്റ്റൈപൻഡ് ലഭിക്കില്ലെന്നുമാണു കത്തിൽ പറയുന്നത്.
അറ്റൻഡൻസ് റജിസ്റ്ററിൽ ഒപ്പു വയ്ക്കാതെയാണു വിദ്യാർഥികളുടെ സമരം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവരും പ്രതിഷേധത്തിന്റെ ഭാഗമായി റജിസ്റ്ററിൽ ഒപ്പിടുന്നില്ല. ഭീഷണിയിലൂടെ വരുതിയിലാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ആവശ്യമുള്ളതിന്റെ അഞ്ചിലൊന്നു പേരെ മാത്രമാണു നിയമിക്കുന്നതെന്നും ജോലിഭാരം കുറയ്ക്കാൻ ഇതു മതിയാകില്ലെന്നും സമരരംഗത്തുള്ള കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
English Summary: Doctors strike updates