ഇന്ധനം ഇനി കുപ്പികളിൽ ലഭിക്കില്ല, പെട്രോൾ കമ്പനികൾക്ക് നിർദ്ദേശം നൽകി എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര്
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറവില്‍പ്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് നിര്‍ദേശം നല്കി. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്ബനികള്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
പമ്പുകളിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുണ്ട്. ഇത് സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്.
ഫോം 14 ല്‍ പെട്രോള്‍ പമ്ബുകള്‍ക്കു നല്കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്കരുതെന്നു കര്‍ശന നിബന്ധനയുള്ളതാണ്.1998 ഒക്ടോബര്‍ 11ന് പാലായ്ക്കടുത്ത് ഐങ്കൊമ്ബിലുണ്ടായ ബസപകടത്തില്‍ 22 പേര് വെന്തു മരിച്ചിരുന്നു. ഇവിടെ വില്ലനായത് യാത്രക്കാരില്‍ ആരോ കൈവശം കരുതിയിരുന്ന പെട്രോളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.