കുർബാന ഏകീകരണത്തിൽ ഒരു രൂപതയ്ക്കു മാത്രം ഇളവു നൽകാനാവില്ല: വത്തിക്കാൻ
കൊച്ചി∙ സിറോ മലബാർ സഭയിലെ കുർബാനക്രമത്തിലെ ഏകീകരണം നടപ്പാക്കുന്നതിൽ ഒരു രൂപതയ്ക്കു മാത്രം ഇളവു നൽകാനാവില്ലെന്നു വത്തിക്കാൻ. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം–അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിലിനു നിർദേശം നൽകി. ഏകീകരണ തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് ഇടവകകളെ പിൻതിരിപ്പിക്കരുതെന്നു നിർദേശമുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു.
കാനൻ നിയമത്തിലെ 1538 വകുപ്പ് ആർച്ച് ബിഷപ് മാർ കരിയിൽ ദുർവ്യാഖ്യാനം ചെയ്തുവെന്നുള്ള വിമർശനവും കത്തിലുണ്ട്. കുർബാന ക്രമം ഏകീകരിച്ചുകൊണ്ടുള്ള തീരുമാനത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നിശ്ചിത സഭകൾക്കോ വ്യക്തികൾക്കൊ ഇളവ് അനുവദിക്കാമെങ്കിലും രൂപതയ്ക്കു മൊത്തത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി പൗരസ്ത്യ തിരുസംഘം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മാർ ആന്റണി കരിയിലിനുമാണ് കത്ത് അയച്ചിരിക്കുന്നത്. English Summary: Vatican intervenes in Uniform Mass: no exception for any diocese