പുറമേ സ്വർണ്ണം, ഉള്ളിൽ ചെമ്പ്, വ്യാജ ആഭരണങ്ങൾ പണയം വച്ച് പണം തട്ടുന്ന സംഘം സജീവം, കണ്ണികളിൽ ഒരാൾ കട്ടപ്പനയിൽ അറസ്റ്റിൽ , പ്രധാനിയെ തേടി പൊലീസ്
ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഒരാളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി പീറ്റർ ദേവസ്യയാണ് പിടിയിലായത്. കോതമംഗലത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കവെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.2021 മാർച്ച് 19 നാണ് ഇയാൾ കട്ടപ്പനയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന വടക്കേമുറിയിൽ ഫിനാൻസിൽ 16.5 ഗ്രാം തൂക്കമുള്ള മുക്കുപണ്ടങ്ങൾ പണയം വച്ച് 57000 രൂപ കൈക്കലാക്കിയത്.പ്രാഥമിക പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിൽ നിർമ്മിച്ച വളകളാണ് ഇയാൾ പണയപ്പെടുത്തിയത്.
പിന്നീട് ധനകാര്യ സ്ഥാപനത്തിന്റെ ഓഡിറ്റിംഗ് സമയത്താണ് വളകൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.തുടർന്ന് ഇയാൾ നൽകിയ രേഖകൾ പ്രകാരം ബാങ്ക് ജീവനക്കാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നൽകിയ രേഖയും വ്യാജമാണെന്ന് മനസ്സിലായത്. പ്രതിയെ ഇന്നലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ് ഐ കെ. ദിലീപ് കുമാർ, എസ് ഐ എം എസ് ഷംസുദ്ദീൻ, ഗ്രേഡ് എസ് ഐ നിസാർ ,സി പി ഒ മാരായ എബിൻ,ഹരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകളെന്ന് സംശയം
മുക്കുപണ്ടം പണയം വച്ച് തട്ടുന്ന സംഘമായിട്ടാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പത്ത് ശതമാനം മുതൽ 20 ശതമാനം സ്വർണ്ണം പുറമേ പൂശിയ സമാന ഡിസൈനുകളുള്ള വളകളാണ് സംഘം പണയപ്പെടുത്തുന്നത്. ഇതിനാൽ പ്രാഥമിക പരിശോധനയിൽ ഇത്തരം ആഭരണങ്ങൾ വ്യാജമാണെന്ന് കണ്ടെത്താൻ സാധിക്കില്ല. മുറിച്ച് നോക്കിയെങ്കിൽ മാത്രമേ വ്യാജമാണെന്ന് കണ്ടെത്താൻ കഴിയൂ. മംഗലാപുരം കേന്ദ്രീകരിച്ചാണ് ഇവയുടെ നിർമ്മാണം,പണയപ്പെടുത്തുന്നയാൾ നൽകുന്ന രേഖകളും വ്യാജമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തട്ടിയെടുക്കുന്ന പണത്തിന്റെ തൊണ്ണൂറ് ശതമാനവും പ്രധാനിക്കും, പത്ത് ശതമാനം കണ്ണികൾക്കും
വ്യാജ ആഭരണങ്ങൾ പണയപ്പെടുത്തി ലഭിക്കുന്ന പണത്തിന്റെ തൊണ്ണൂറ് ശതമാനവും സംഘത്തിലെ പ്രധാനിയ്ക്ക്. അറസ്റ്റിലായ പീറ്റർ ദേവസ്യ തട്ടിയെടുത്ത പണത്തിൽ നാലിൽ മൂന്ന് ഭാഗവും പ്രധാനി കൈക്കലാക്കി. ഇയാളാണ് മംഗലാപുരത്ത് നിന്ന് ആഭരണങ്ങൾ എത്തിച്ച് നൽകുന്നതെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി. സംഘത്തിലെ പ്രധാനിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.