വെള്ളത്തിൽ വീണ്ടും ബാക്ടീരിയ,ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം അനിശ്ചിതത്വത്തിലായി.
കട്ടപ്പന : കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇന്ന് ആരംഭിക്കാതിരുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ത്രിശങ്കുവിൽ.ഡയാലിസിസ് യൂണിറ്റിൽ ഉപയോഗിക്കേണ്ട വെള്ളത്തിൽ വീണ്ടും ബാക്ടീരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാലാണ് പ്രവർത്തനം തുടങ്ങുന്നത് നീട്ടി വച്ചത്.ഇത് മൂന്നാം തവണയാണ് റിവേഴ്സ് ഓസ്മോസിസ് പരിശോധനയിൽ ജലത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് രണ്ട് തവണ പരിശോധിച്ചപ്പോഴും ഫലം പോസിറ്റീവായിരുന്നു. തുടർന്ന് കുളത്തിൽ നിന്ന് ,ജലശേഖരിക്കുന്ന വാട്ടർ ടാങ്കിലും, ഡയാലിസിസ് യൂണിറ്റിനുള്ളിലെ സ്‌റ്റോറേജ് ടാങ്കിലും ഫിൽറ്ററുകൾ സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലും റിസൾട്ട് പ്രതികൂലമായതാണ് പ്രതിസന്ധി നേരിടാൻ കാരണം. മെഷിനുകൾ സ്ഥാപിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാകാം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായതെന്നാണ് നിഗമനം. ഇന്ന് വീണ്ടും ജലം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും, ഫലം ലഭിക്കാൻ കുറഞ്ഞത് പത്ത് ദിവസം കാത്തിരിക്കണം. ഇതിന് ശേഷമാകും പ്രവർത്തനം എന്ന് തുടങ്ങണം എന്ന് സംബന്ധിച്ച തീരുമാനം ഉണ്ടാകുകയുള്ളു.