വീണ്ടും ബാറ്ററി മോഷണം , കട്ടപ്പനയിലും, ഇരട്ടയാറിലും, കാഞ്ചിയാറ്റിലുമായി അഞ്ച് ഓട്ടോറിക്ഷകളുടെ ബാറ്ററികൾ കള്ളൻമാർ കവർന്നു.
കട്ടപ്പന: ഒന്നര വർഷത്തിന് ശേഷം ഹൈറേഞ്ചിൽ വീണ്ടും വാഹനങ്ങളുടെ ബാറ്ററികൾ അപഹരിച്ചു.കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ മാത്രം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നരിയംപാറ സ്വദേശിയുടെ രണ്ട് ഓട്ടോറിക്ഷകൾ ഉൾപ്പടെ അഞ്ച് ഓട്ടോകളുടെ ബാറ്ററിയാണ് മോഷണം പോയിരിക്കുന്നത്. മത്സ്യ വ്യാപാരിയായ നരിയംപാറ കുന്നേൽ സ്കറിയാ ജോർജിന്റെ പെട്ടി ഓട്ടോയുടെയും, പാസഞ്ചർ ഓട്ടോയുടെയുമാണ് ബാറ്ററികൾ നഷ്ടപ്പെട്ടത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്.രാവിലെ
കച്ചവടത്തിനായി വാഹനം സ്റ്റാർട്ട് ചെയ്യാനായി ശ്രമിച്ചപ്പോഴാണ് ബാറ്ററി നഷ്ടമായതായി അറിഞ്ഞത്.നരിയംപാറയിൽ ഓട്ടോ ഡ്രൈവറായ വി. ഡി സന്തോഷിന്റെ ഓട്ടോയുടെയും ബാറ്ററി നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനോട് ചേർന്ന് വഴിയരികിലായിരുന്നു ഓട്ടോ റിക്ഷാ പാർക്ക് ചെയ്തിരുന്നത്.പുലർച്ചെ എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. സമാന രീതിയിൽ ഇരട്ടയാറ്റിൽ നിന്നും,സ്വരാജിൽ നിന്നുമാണ് ഓട്ടോറിക്ഷകളുടെ ബാറ്ററികൾ മോഷണം പോയിരിക്കുന്നത്.ഒന്നര വർഷങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ ബാറ്ററി മോഷണം ഹൈറേഞ്ചിൽ വ്യാപകമായിരുന്നു. പിന്നീട് സംഘത്തിലെ ഏതാനും ആളുകളെ കട്ടപ്പന പോലീസ് പിടികൂടിയതുമാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.