മാട് അവശിഷ്ടങ്ങൾ തോട്ടിലൂടെ പതഞ്ഞ് പൊങ്ങി; നാട്ടുകാരുടെ വെള്ളം മുട്ടിച്ച് ഒഴുക്കി വിടുന്നത് പുളിയൻമല ഹിൽടോപ്പിൽ പ്രവർത്തിക്കുന്ന പന്നി ഫാം ഉടമയെന്ന് പരാതി
കട്ടപ്പന: നിരവധി കുടുംബങ്ങൾ വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന പാറക്കടവ് തോട്ടിലൂടെ മാടവിശഷ്ടങ്ങൾ ഒഴുക്കി വിടുന്നത് പന്നി ഫാം ഉടമയെന്ന് നാട്ടുകാർ. ഹിൽടോപ്പിൽ പ്രവർത്തിക്കുന്ന
പന്നിഫാം ഉടമയാണ് അൻപതിലധികം കുടുംബങ്ങൾ ദിവസേന വെള്ളം ശേഖരിയ്ക്കുന്ന തോട്ടിലേയ്ക്ക് മാടിന്റെ തോൽ കഴുകിയ ശേഷമുള്ള മലിന ജലം ഒഴുക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ച്ചയും ,തിങ്കളാഴ്ച്ചയുമാണ് അസഹനീയമായ ദുർഗന്ധത്തോടെ തോട്ടിലൂടെ മാലിന്യം പതഞ്ഞ് ഒഴുകിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് തോട്ടിലൂടെ മാലിന്യം ഒഴുകുന്നത് ശ്രദ്ധയിൽപ്പെടുന്നത്.ഒരാഴ്ച മുൻപും സമാനമായ രീതിയിൽ വെള്ളം പതഞ്ഞൊഴുകി ദുർഗന്ധം വമിച്ചിരുന്നതായി വീട്ടമ്മമാർ വ്യക്തമാക്കി.തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരുടെ പരാതിയെ തുടർന്ന് വാർഡ് കൗൺസിലറും ,ആരോഗ്യ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുളിയൻമല
ഹിൽടോപ്പിലെ ഫാമിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.മാലിന്യം ഒഴുക്കിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും ഇവിടെ നിന്നല്ല തോട്ടിലേയ്ക്ക് അറവ് മാലിന്യം ഒഴുക്കിയത് എന്നാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിന്റെ മറുപടി.
ഏലത്തോട്ടത്തിലൂടെ മലിന ജലം കുത്തി ഒഴുകിയതിനൊപ്പം മാടുകളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്താനായിട്ടുണ്ട്.പന്നി ഫാമിന് പുറമേ തോൽ കയറ്റുമതി ചെയ്യുന്ന വ്യാപാരി കൂടിയാണ് ഉടമ, മാടുകളുടെ തോൽ ദിവസങ്ങളോളം ഉപ്പ് വെള്ളത്തിലിട്ട ശേഷം പിന്നീട് ഈ മലിന ജലം ഏലത്തോട്ടത്തിലേയ്ക്കാണ് ഇയാൾ ഒഴുക്കുന്നത്. ഇത് വഴിയാണ് മാലിന്യം തോട്ടിലേയ്ക്ക് എത്തിയത് എന്നാണ് നാട്ടുകാരുടെ പരാതി,ഏകദേശം രണ്ട് കിലോമീറ്ററുകളോളം ദൂരത്തിലാണ് മലിന ജലം തോട്ടിലൂടെ ഒഴുകിയിരിക്കുന്നത്.ഈ ഭാഗങ്ങളിലെല്ലാം ഇപ്പോഴും ദുർഗന്ധം തുടരുകയാണ്. സംഭവത്തിൽ പോലീസ് പരാതിപ്പെട്ടെങ്കിലും അന്വേഷിക്കാൻ ഉദ്യോഗസ്ഥരും കൂട്ടാക്കിയിട്ടില്ല.തോട് മലിനമായതോടെ വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ള കുടുംബങ്ങൾക്ക്.