അറ്റകുറ്റപ്പണികൾക്കുമാത്രം ഒരു ഡാം നിർമിക്കാനാവശ്യമായ തുക ; സംസ്ഥാനത്തെ ഏറ്റവും ബലക്ഷയമുള്ള ഡാം;ഡാം സേഫ്റ്റി ചെയർമാൻ
മുട്ടം∙ സംസ്ഥാനത്തെ ഏറ്റവും ബലക്ഷയമുള്ള ഡാമാണ് മലങ്കരയിലുള്ളതെന്ന ഡാം സേഫ്റ്റി ചെയർമാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. വർഷങ്ങളായി ചർച്ച ചെയ്തിരുന്ന വിഷയമാണ് ഇപ്പോൾ ഡാം സേഫ്റ്റി ചെയർമാൻ മാധ്യമങ്ങളോട് സമ്മതിച്ചത്. നിർമാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് സൂചന. ഡാം പണിയാനെത്തിയ സിമന്റും കമ്പിയും ഉപയോഗിച്ച് സമീപസ്ഥലങ്ങളിൽ ബഹുനില കെട്ടിടങ്ങൾ വരെ നിർമിച്ചതായി അന്നേ ആക്ഷേപം ഉയർന്നിരുന്നതാണ്.
പരിധിയിലേറെ ചോർച്ച ഡാമിന്റെ ഗാലറിയിൽ കണ്ടതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ചു ചോർച്ച കുറവുള്ളതായും അദ്ദേഹം പറഞ്ഞു. ഡാമിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ബലപ്പെടുത്തിയതിനാൽ ഭീതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാമിന്റെ അറ്റകുറ്റപ്പണികൾക്കുമാത്രം ഒരു ഡാം നിർമിക്കാനാവശ്യമായ തുക ചെലവഴിക്കേണ്ടി വന്നു. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കാനാവശ്യമായ ശേഷി അണക്കെട്ടിനില്ലാത്തതിനാൽ മഴക്കാലത്ത് മിക്കപ്പോഴും ഷട്ടറുകൾ തുറന്നുവയ്ക്കുക പതിവാണ്.
ഇപ്പോൾ 6 മാസമായി അണക്കെട്ട് തുറന്നിരിക്കുകയാണ്. അണക്കെട്ടിലെ 6 ഷട്ടറുകളും നിലവിൽ തുറന്നുവച്ചിരിക്കുകയാണ്. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നു പുറംതള്ളുന്ന വെള്ളവും നച്ചാർ, വടക്കനാർ എന്നീ ആറുകളുമാണു മലങ്കര അണക്കെട്ടിലെ പ്രധാന ജലസ്രോതസ്സ്. കൂടാതെ ചെറിയ നീർച്ചാലുകളും ജലാശയത്തിലെത്തുന്നുണ്ട്. മൂലമറ്റം നിലയത്തിൽ ഉൽപാദനം വർധിപ്പിച്ചിരിക്കുന്നതിനാൽ മലങ്കര ജലാശയം ജലസമൃദ്ധമാണ്. ഇപ്പോൾ മൂലമറ്റത്ത് പുതിയ ഒരു നിലയം കൂടി എത്തുന്നതിനുളള നടപടികൾ നടക്കുന്നുണ്ട്.
ഇതിന്റെ നടപടികൾ പൂർത്തിയായി വരികയാണ്. ഒരു നിലയംകൂടി എത്തുമ്പോൾ ഇപ്പോൾ മൂലമറ്റം വൈദ്യുതിനിലയത്തിൽനിന്നു പുറംതള്ളുന്നതിന്റെ ഇരട്ടിയോളം വെള്ളം ജലാശയത്തിലെത്തും. ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും തീരുമാനിക്കേണ്ടതുണ്ട്. മീനച്ചിൽ നദീസംരക്ഷണ പദ്ധതി പ്രകാരം മലങ്കര ജലാശയത്തിൽനിന്നു മീനച്ചിലാറിൽ വെള്ളം എത്തിക്കുന്നതിന് തീരുമാനമുണ്ട്. ഇത് യാഥാർഥ്യമായാൽ ജലാശയത്തിലെ ജലനിരപ്പ് ക്രമീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.