പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു തൊടുപുഴയാറ്റിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29) വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റിൽ മുങ്ങിമരിച്ചത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഷാഫിയെ അറസ്റ്റ് ചെയ്ത എസ്ഐ ഷാഹുൽ ഹമീദ്, ജിഡി ചാർജിൽ ഉണ്ടായിരുന്ന സിപിഒ നിഷാദ് എന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത സസ്പെൻഡ് ചെയ്തത്.
ബാർ ഹോട്ടലിൽ രാത്രി എത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് ജീവനക്കാരനെ മർദിച്ച കേസിലാണ് ഷാഫിയെ പൊലീസ് പിടികൂടിയത്. ലോക്കപ്പിൽ കഴിയവേ അകത്തുനിന്നു കയ്യിട്ടു വാതിൽ തുറന്ന് പിൻവശത്തു കൂടി ഓടി സ്റ്റേഷന്റെ അരികിലുള്ള പുഴയിൽ ചാടുകയായിരുന്നു.
ഇന്നലെ ജില്ലാ ആശുപത്രിയിൽ നടത്തിയ ഇൻക്വസ്റ്റിലും 2 ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്തിയില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ കൂടുതൽ തെളിവെടുപ്പ് നടത്തി അടുത്ത ദിവസം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നും ഡിവൈഎസ്പി അറിയിച്ചു.