‘ഒമിക്രോണ്‍ നേരിടാന്‍ സജ്ജം’; എല്ലാ രാജ്യാന്തര യാത്രികരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി∙ അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം നേരിടാൻ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.
ഒമിക്രോൺ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ രാജ്യാന്തര യാത്രികരെയും നിരീക്ഷിക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ‘ഹൈ റിസ്ക്’ രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും നിരീക്ഷണ ഉദ്യോഗസ്ഥർക്ക് (എസ്എസ്ഒ) ‘എയർ സുവിധ’ പോർട്ടലിലേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്നും സംസ്ഥാനത്തേക്കു വരുന്ന യാത്രക്കാരുടെ വിവരങ്ങൾ ഇതിൽ മുൻകൂട്ടി അറിയാൻ സാധിക്കുമെന്നും ഭൂഷൺ കത്തിൽ അറിയിച്ചു. കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തിലുള്ളവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ നിര്‍ദേശമുണ്ട്.
English Summary: Central Health Minister on Omicron