തോട്ടങ്ങളിലെ ഗേറ്റുകൾ തുറന്നിടാൻ ജില്ലാ കളക്ടർ നിർദേശം നൽകി
മുല്ലപ്പെരിയാർ ഡാമിലും വൃഷ്ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് പരമാവധിയായ 142 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേയിലൂടെ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങി.
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് മുല്ലപ്പെരിയാർ ഡാമിൻ്റെ ജലനിർഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള പശുമല, എ.വി.ടി (കടശ്ശിക്കാട് മാട്ടുപെട്ടി ഡിവിഷൻ ഉൾപ്പെടെയുള്ള) എല്ലാ എസ്റ്റേറ്റ് ഉടമസ്ഥതയിലുമുള്ള റോഡുകളിലും ഇടവഴികളിലും ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ഗേറ്റുകൾ തുറന്നു കൊടുക്കണമെന്ന് ജില്ലാ കളക്ടർ ഉടമകൾക്കും ബന്ധപ്പെട്ട അധികൃതർക്കും നിർദ്ദേശം നൽകി. പ്രതിബന്ധങ്ങൾ ആയി നിൽക്കുന്ന കമ്പിവേലിയും മറ്റും നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട എസ്റ്റേറ്റ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പാക്കുന്നതിന് പീരുമേട് തഹസിൽദാർ, പീരുമേട് ഡിവൈ.എസ്.പി. എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.