മുന്നറിയിപ്പില്ല;തീരദേശവാസികളെ പ്രളയത്തിലാക്കി തമിഴ്നാട്. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം കനക്കുന്നു.
കട്ടപ്പന: കൃത്യമായ മുന്നറിയിപ്പ് നൽകാതെ ഷട്ടർ തുറന്ന് ജലം പുറത്തേയ്ക്കൊഴുക്കരുതെന്ന കേരളത്തിന്റെ ആവശ്യത്തിനെ തള്ളി തമിഴ്നാട് ഇന്ന് പുലർച്ചെ തുറന്നത് പത്ത് ഷട്ടറുകൾ. ഡാം തുറന്ന ശേഷമാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് പോലും മുന്നറിയിപ്പ് ലഭിച്ചത്. പുലർച്ചെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നോടെ വള്ളക്കടവ്, മഞ്ചുമല, ആറ്റോരം, പെരിയാർ വികാസ്, കീരിക്കര തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ആശങ്കയിലായി. വീടുകളിൽ വെള്ളം കയറിയതോടെ പല കുടുംബങ്ങളും തേയിലത്തോട്ടങ്ങളിൽ അഭയം പ്രാപിച്ചു. വള്ളക്കടവ് കറുപ്പുപാലത്തെ അഞ്ചു വീടുകളിൽ പൂർണമായും വെള്ളം കയറിയ സാഹചര്യമുണ്ടായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്ന് വിടുന്ന തമിഴ് നാടിന്റെ നിലപാടിൽ വ്യാപക പ്രതിഷേധത്തിലാണ് ജനങ്ങൾ .
• പുലർച്ചെ തുറന്ന് വിട്ടത് 8000 ഘനയടി വെള്ളം
ജലനിരപ്പ് ക്രമാതീതമായി ഉയർന്ന ബുധനാഴ്ച്ച രാത്രിയിൽ തന്നെ 2 ഷട്ടറുകൾ തുറന്നിരുന്നു. പിന്നീട് വ്യാഴാഴ്ച്ച പുലർച്ചെ 2.30 നും 3.30 നുമാണ് പത്ത് ഷട്ടറുകൾ കൂടി തുറന്നത്. ചൊവ്വാഴ്ച്ച രാത്രിയിൽ മുന്നറിയിപ്പില്ലാതെ 9 ഷട്ടർ തുറന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഇന്നലെയും സമാനമായി 10 ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം തുറന്നത്. ഇതുവരെ ഒഴുക്കിവിട്ടതിൽ ഏറ്റവും കൂടുതൽ അളവ് ഇന്നലെയാണ് രേഖപ്പെടുത്തിയത്, 8000 ഘനയടി വെള്ളമാണ് കേരളത്തിലേയ്ക്ക് ഒഴുക്കിയത്.തുറന്ന ഷട്ടറുകൾ അഞ്ചരയോടെ അടച്ചപ്പോഴാണ് വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയത്. ജലനിരപ്പ് കാര്യമായി കുറയാതെ വന്നതോടെ രാവിലെ 11 മണിക്കും, വൈകിട്ട് 4 നും, ആറിനും കൂടുതൽ ഷട്ടറുകൾ വീണ്ടും ഉയർത്തുകയും ചെയ്തു.
• തമിഴ്നാടിന്റെ നിലപാടിൽ പ്രതിഷേധം ശക്തം
മുൻകൂട്ടി അറിയിക്കാതെ ഡാം തുറക്കുന്നതിൽ തമിഴ് നാടിനെതിരെ പ്രതിഷേധം ശക്തം. വണ്ടിപ്പെരിയാറ്റിൽ പൗരസമിതി പോലീസ് സ്റ്റേഷനും, ദേശീയ പാതയും ഉപരോധിച്ചു. മുന്നറിയിപ്പ് തരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് പൗരസമിതി അറിയിച്ചു. തമിഴ്നാടിന്റെ നീക്കത്തിൽ എൽ ഡി എഫ് പ്രാദേശിക നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്.
• ജലനിരപ്പ് കുറയ്ക്കാതെ തമിഴ്നാട്
ജലനിരപ്പ് 142 അടിയിൽ തന്നെ നിലനിർത്താനുള്ള ശ്രമമാണ് തമിഴ്നാട് സ്വീകരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. എന്നാൽ 142 അടിയിൽ നിന്ന് ജല നിരപ്പ് താഴ്ത്താൻ തമിഴ്നാട് ശ്രമിക്കുന്നില്ല.വൈഗ അണക്കെട്ട് സംഭരണ ശേഷിയുടെ പരമാവധിയിലെത്തിയതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറവാണ്. കൃത്യമായ മുന്നറിയിപ്പ് നൽകി വെള്ളം പുറത്തേക്കൊഴുക്കി ജലനിരപ്പ് താഴ്ത്തി നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെ തള്ളുന്ന സമീപനത്തിൽ നാട്ടുകാർക്കും, ജില്ലാ ഭരണകൂടത്തിനും ആശങ്കയുണ്ട്.