കട്ടപ്പന: ഒടുവില്‍ ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പൂര്‍ണ സജ്ജമാകുന്നു. ഈ മാസം പത്തിന് ആദ്യത്തെയാള്‍ക്ക് ഡയാലിസിസ് ചെയ്തേക്കും. കൊച്ചുതോവാള സ്വദേശിയായ അന്‍പത്കാരനാണ് ഡയാലിസിസിന് വിധേയനാകുന്നത്. യൂണിറ്റിനുള്ളില്‍ രോഗാണുബാധയില്ലെന്ന സ്വാബ് കള്‍ച്ചര്‍ ഫലം അഞ്ചാം തീയതി എത്തുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.ഫലം നെഗറ്റീവായാല്‍ പത്താം തിയതി തന്നെ പ്രവര്‍ത്തനം തുടങ്ങാനാകും.2021 ഫെബ്രുവരി 16 നാണ് പത്ത് കിടക്കകളുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ഓണ്‍ലൈന്‍ വഴിയാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിരുന്നില്ല.അനുബന്ധ ജോലികള്‍ പൂര്‍ത്തിയാകാതെ ഇരുന്നതാണ് വൈകിപ്പിച്ചത്.ഡയാലിസിസ് കെട്ടിടത്തിലെ ശുചി മുറി ടാങ്കിന്റെയും,ഡയാലിസിസ് മെഷീന് പ്രവര്‍ത്തിക്കുന്നതിനുള്ള യു പി എസ് എത്തിക്കാന്‍ വൈകിയതുമാണ് കാലതാമസത്തിനിടയാക്കിയത്.ഇതിനിടെ സ്വാബ് കള്‍ച്ചര്‍ പരിശോധന ഫലം പോസിറ്റീവായതും വിനയായി. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഹൈറേഞ്ചിലെ ഒട്ടേറെ ഡയാലിസിസ് രോഗികള്‍ക്കാണ് പ്രയോജനകരമാകുക. സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാകും ഇവിടെ ഡയാലിസിസ് ചെയ്യുകയെന്ന് ആശുപത്രി സൂപ്രണ്ട് കെ. ബി ശ്രീകാന്ത് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഒരു ഡോക്ടര്‍,രണ്ട് നഴ്സുമാര്‍,ടെക്നീഷ്യന്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ഉപയോഗപ്പെടുത്തിയാകും യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുക. ആഴ്ചയില്‍ ആറ് ദിവസം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.