കട്ടപ്പന നഗരസഭയുടെ ഭരണസമതി ഗ്രൂപ്പുകളിയുടെ കേളീരംഗം;കര്‍ഷക യൂണിയന്‍
കട്ടപ്പന: നഗരസഭയുടെ ഭരണ സമതി കെടുകാര്യസ്ഥതയുടെയും ഗ്രൂപ്പുകളിയുടെയും കേളീരംഗമായി അധപതിച്ചെന്ന് കര്‍ഷക യൂണിയന്‍ (എം) ജില്ല പ്രസിഡന്റ് ബിജു ഐക്കര . ഏറെ പ്രതീക്ഷയോടെ കട്ടപ്പനയിലെ സാധാരണക്കാരായ കര്‍ഷകരും ജനങ്ങളും ചേര്‍ന്ന് തെരെഞ്ഞടുത്ത അധികാരത്തില്‍ എത്തിച്ചവര്‍ ജനങ്ങളെ വഞ്ചിച്ചു കൊണ്ട് ഭരണം നടത്തുകയാണ് .കട്ടപ്പനയിലെ ട്രാഫിക്ക് നിയന്ത്രണം ഇത്രയും അധ:പതിച്ച ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. നഗരസഭയിലെ റോഡുകള്‍ തകര്‍ന്ന് ഏറെ ദയനീയ സ്ഥിതിയാണ്. കുടിവെള്ള പദ്ധതികള്‍ താറുമാറായി. വഴിവിളക്കുകള്‍ കത്തുന്നില്ല, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വീടുകളില്‍ എത്തി ശേഖരിക്കും എന്നത് പൊള്ളയായ വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുള്ള പകിട കളി എന്തെന്ന് മനസിലാകുന്നില്ല. ചെയര്‍ പേഴ്‌സണ് ഭരിക്കാന്‍ അറിയില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ ഇരിക്കണം. ഭരിക്കുന്ന മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കന്‍മാര്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. ഭരണ കാലാവധി അഞ്ച് വര്‍ഷമാണെന്നിരിക്കെ ഭരിക്കുന്ന കക്ഷിയുടെ നേതാക്കാന്‍ മാരുടെ ഇഷ്ടക്കാരെ വാര്‍ഷാവര്‍ഷം മാറ്റിക്കൊണ്ട് തലപ്പത്തിരുത്തി ഭരിക്കുന്ന നെറികെട്ട രാഷ്ര്ടീയം കട്ടപ്പനയിലെ രാക്ഷ്ട്രീയ ബോധമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള കര്‍ഷകരും സമാന ചിന്താഗതിക്കാരും പുച്ചിച്ചു തള്ളും. അതുകൊണ്ട് നഗരസഭയുടെ മട്ടുപ്പാവിലിരുന്ന് അധികാരത്തിന്റെ ശീതള ചായയില്‍ മതിമറന്ന് ആനന്ദ നൃത്തം ചവിട്ടാനാണ് തീരുമാനമെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുമായി ചേര്‍ന്ന് സമാനതകളില്ലാത്ത സന്ധിയില്ലാത്ത സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ബിജു ഐക്കര മുന്നറിയിപ്പു നല്‍കി.