മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നയമാണ് സി.പി.എംജില്ലാ കമ്മറ്റിക്കെന്ന് സെക്രട്ടറി കെ.കെ ജയചന്ദ്രൻ
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നയവും പാര്‍ട്ടി നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകള്‍ തന്നെയാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിക്കെന്നും സെക്രട്ടറി കെ.കെ ജയചന്ദ്രന്‍. വിഷയത്തില്‍ കഴിഞ്ഞദിവസം എം.എം മണി എം.എല്‍.എ മുഖ്യമന്ത്രിയെ തള്ളി നടത്തിയ പരാമര്‍ശങ്ങളില്‍ നെടുങ്കണ്ടത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എന്നാല്‍ ഡാം ഉടന്‍ തകരുമെന്ന് പ്രചരണം നടത്തി ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുള്ളത്. തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ എന്ന നിലപാടില്‍ പുതിയ ഡാം വേണമെന്ന് താന്‍ എം.എല്‍.എയും വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുള്ളതാണ്. എം.എം മണി പറഞ്ഞത് വിദഗ്ധ സമിതി നേരത്തേതന്നെ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. പുതിയ ഡാം എന്ന നിലപാടുതന്നെയാണ് മുഖ്യമന്ത്രിക്കുമുള്ളത്. ആ നിലപാടില്‍തന്നെയാണ് ഇപ്പോഴും സര്‍ക്കാരും പാര്‍ട്ടിയും. അതിനപ്പുറത്തേക്ക് ഒന്നും എം.എം മണി പറഞ്ഞിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. വിഷയത്തില്‍ ഏകപക്ഷീയമായ നിലപാടെടുക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. പ്രശ്‌നത്തില്‍ സുപ്രീംകോടതിയും ഇടപെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും കൂടിയാലോചിച്ച് നടപടിയെടുക്കണം. അത് സംബന്ധിച്ചുള്ള നയങ്ങള്‍ പറയുമ്പോള്‍ അത് മുഖ്യമന്ത്രിക്ക് എതിരാകുന്നതെങ്ങനെയാണെന്നും ജയചന്ദ്രന്‍ ചോദിച്ചു. എം.എം മണി പറഞ്ഞതിനെ ചിലര്‍ വളച്ചൊടിച്ചാണ് അത് മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.