മുല്ലപ്പെരിയാര്‍ രാത്രിയില്‍ തുറന്നത് മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലൈത്തി വിലയിരുത്തി
മുല്ലപ്പെരിയാര്‍ രാത്രിയില്‍ തുറന്നത് മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലൈത്തി വിലയിരുത്തി.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലൈത്തി സാഹചര്യം വിലയിരുത്തി. വണ്ടിപ്പെരിയാറിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും ചേർന്നു. രാത്രിയില്‍ ജലം തുറന്നു വിടുന്ന അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്രമീകരണം പൂര്‍ത്തിയാക്കി. ദ്രുതകര്‍മ്മ സേന, ജീവനക്കാരുടെ സംഘം എന്നിവ മുഖേന ജനങ്ങള്‍ക്ക് സന്ദേശം നല്‍കും. സ്ഥിരം അനൗണ്‍സ്‌മെന്റിനുള്ള സംവിധാനം ഒരുക്കാനും പ്രദേശത്ത് വെളിച്ചം ഉറപ്പാക്കാനും എസ്റ്റേറ്റ് റോഡ് തുറക്കാനും തീരുമാനിച്ചു.
പൊലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയും സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ മന്ത്രി പരിശോധിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉമ്മര്‍, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീറണാകുന്നേല്‍, എസ്.പി. രാജേന്ദ്രന്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.