വാക്സിൻ വിതരണം പാളിയെന്ന് ആക്ഷേപം. കട്ടപ്പന താലൂക്ക് ആശുപത്രിക്കെതിരെ ജനപ്രതിനിധികൾ
കട്ടപ്പന : ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിനായി ഏർപ്പെടുത്തിയ ക്രമീകരണത്തിൽ പാളിച്ചയുണ്ടായതായി ആക്ഷേപം.വാക്സിൻ ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചെത്തിയവർക്കും വാക്സിൻ കിട്ടാതെ വന്നതോടെയാണ് ജനപ്രതിനിധികളടക്കം പരാതിയുമായി രംഗത്ത് വന്നത്. തിങ്കൾ , ശനി ദിവസങ്ങളിലായി 250 വീതം ഡോസുകളാണ് ആശുപത്രിയിൽ ക്രമീകരിച്ചിരുന്നത്. ഓൺലൈനായി ബുക്ക് ചെയ്തവർക്കും , കട്ടപ്പന നഗരസഭയിലെ 1 മുതൽ 17 വരെയുള്ള വാർഡുകളിൽ നിന്നുള്ള പത്ത് പേർക്ക് വീതവുമാണ് സജ്ജീകരിച്ചത്. എന്നാൽ രാവിലെ മുതൽ തന്നെ വിവിധ വാർഡുകളിൽ നിന്ന് പരിധിയിൽ കൂടുതൽ ആളുകളെത്തി. നീണ്ട നിരയിൽ മണിക്കൂറുകൾ നിന്ന ശേഷമാണ് വാക്സിൻ ലഭിക്കില്ലെന്ന് പലരും അറിഞ്ഞത്. സമ്പൂർണ്ണ വാക്സിനേഷൻ എത്തുന്നതിന് മുൻപ് തന്നെ ടൗൺഹാളിലെയടക്കം വാക്സിൻ ക്യാമ്പ് നിർത്തലാക്കിയതാണ് ആളുകൾ ബുദ്ധിമുട്ടാൻ കാരണമെന്നാണ് വാർഡ് പ്രതിനിധികൾ ആരോപിയ്ക്കുന്നത്. താലൂക്ക് ആശുപത്രിയിൽ കൂടുതൽ ദിനങ്ങളിൽ വാക്സിനേഷൻ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേ സമയം കൊവിഡ്
ബ്രിഗ്രേഡിലെ ജീവനക്കാർ കാലാവധി പൂർത്തിയാക്കി പിരിഞ്ഞ് പോയത് കൊണ്ടാണ് ക്യാമ്പുകൾ അവസാനിപ്പിച്ചതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.