ഒമിക്രോണിനെതിരെ കേരളത്തിലും അതിജാഗ്രത; തിങ്കളാഴ്ച വിദഗ്ധസമിതി യോഗം
തിരുവനന്തപുരം∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ സംസ്ഥാനവും. തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
കോവിഡ് വാക്സിനേഷന് അര്‍ഹതയുളള ജനസംഖ്യയുടെ 96 ശതമാനം പേര്‍ ആദ്യഡോസും 63 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ഡോസ് വാക്സീൻ എടുക്കാത്ത 14 ലക്ഷം പേര്‍ ഉണ്ടെന്നത് ആശങ്കയാണ്. മൂന്നു മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്ഥാനത്താണ്.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍ കര്‍ശനമാക്കാന്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. വിദേശത്തുനിന്ന് പുറപ്പെടും മുൻപും എത്തി കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.