ജില്ലാതല എയ്ഡ്സ് ദിനാചരണം ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍
ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചുള്ള ഇടുക്കി ജില്ലാതല എയ്ഡ്സ് ദിനാചരണ പരിപാടി നവംബര്‍ 30 ന് ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചെറുതോണി ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന ദിനാചരണ സന്ദേശറാലി ഇടുക്കി എസ്പി ആര്‍. കറുപ്പസ്വാമി ഫ്ളാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്സ് എസ്.എം.ഇ നേഴ്സിംഗ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. ചെറുതോണി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ എത്തി തിരിച്ച് ട്രാഫിക് റൗണ്ട് എബൗട്ടില്‍ എത്തുമ്പോള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്സ് എസ്.എം.ഇ നേഴ്സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ് ഉണ്ടായിരിക്കും.
പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് ദിനാചരണ സന്ദേശം നല്‍കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജി സത്യന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ റ്റി.ബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.സെന്‍സി ബി, എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു റ്റി. കെ തുടങ്ങിയവര്‍ പങ്കെടുക്കും.
ലോക എയ്ഡ്സ് ദിനാചരണം- നെടുങ്കണ്ടം മേഖല എയഡ്സ് ദിനാചരണം
നവംബര്‍ 30ന് നെടുങ്കണ്ടത്ത് രാവിലെ 8.45ന് നെടുകണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന എയ്ഡ്‌സ് ദിനാചരണ സന്ദേശ റാലിയില്‍ ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ് എസ്.എം.ഇ നേഴ്സിങ് വിദ്യാര്‍ഥികള്‍, വോളന്‍ഡിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10ന് നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ റാലി അവസാനിക്കുമ്പോള്‍ സമ്മേളനം ആരംഭിക്കും. നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റോബിന്‍ റോഡ്രിഗസ് റാലി ഫ്ളാഗ് ഓഫ് ചെയ്യും.
എം.എം മണി എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ. റ്റി കുഞ്ഞ് അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ റ്റി.ബി ആന്‍ഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.സെന്‍സി ബി മുഖ്യപ്രഭാഷണം നടത്തും.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി എസ് ബാബു,എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ടി. കെ, നെടുംങ്കണ്ടം ഐ.സി.റ്റി.സി കൗണ്‍സിലര്‍ സിജോ ജോണ്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം ബിന്ദു സഹദേവന്‍, നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ബി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് കെ. തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ലോകമെങ്ങും ആചരിക്കുകയാണ് . മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ ഈ വിപത്തില്‍ നിന്നും ലോക ജനതയെ രക്ഷിക്കുന്നതിനും എച്ച്.ഐ.വി ബാധിതരായവര്‍ക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകരാരോഗ്യ സംഘടന ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ” അസമത്വങ്ങള്‍ അവസാനിപ്പിക്കാം , എയിഡ്സും മഹാമാരികളും ഇല്ലാതാക്കാം” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
രക്തപരിശോധയിലൂടെയാണ് എച്ച്.ഐ.വി അണുബാധ കണ്ടെടുത്തുന്നത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ ആയുസ്സിനും ആരോഗ്യത്തിനും കോട്ടം തട്ടാതെ ഒരു സാധാരണ വ്യക്തിയെ പോലെ കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും എച്ച്.ഐ.വി അണുബാധിതര്‍ക്കും സാധ്യമാകും. ശരിയായ ചികിത്സ യഥാസമയത്ത് സ്വീകരിക്കാത്തവര്‍ മാത്രമേ മരണത്തിന് കീഴടങ്ങുന്നുള്ളൂ.
ഈ വര്‍ഷത്തെ എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നെടുംകണ്ടം, കുമളി, കട്ടപ്പന, അടിമാലി, തൊടുപുഴ എന്നിവടങ്ങളില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിവിധ സേവന ദാതാക്കളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എച്ച്.ഐ.വി സ്‌ക്രീനിംഗ് ആന്റ് ടെസ്റ്റിംഗ് ക്യാമ്പുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ബോധവല്‍ക്കരണ റാലികള്‍, ദീപം തെളിയിക്കല്‍, റെഡ് റിബണ്‍ എക്സ്ചേഞ്ച് എന്നിങ്ങനെയാണ് പരിപാടികള്‍.