സ്‌കൂളുകളിലെ പ്രവര്‍ത്തിസമയം നീട്ടുന്ന കാര്യത്തില്‍ തീരുമാനമായില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയം നീട്ടിയാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സൗകര്യം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചതെന്നും പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ‘കൊവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 6 മുതല്‍ 18 വരെയാണ് ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് മാനദണ്ഡപ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനായി’.
പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചില വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയില്‍ പോകുകയും പരീക്ഷയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടാകുകയും ചെയ്തിരുന്നു. സ്റ്റേ മാറിയതിനു ശേഷം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെ പരീക്ഷ നടത്താന്‍ തീരുമാനിച്ചു. മഴ കനത്ത പശ്ചാത്തലത്തില്‍ പതിനെട്ടാം തീയതിയില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 26 ലേക്ക് മാറ്റി.
രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടന്നത്. ഒക്ടോബര്‍ 20 മുതല്‍ 27 വരെയും നവംബര്‍ 8 മുതല്‍ 12 വരെയും. ഈ മാസം 23ന് പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലം അന്തിമമാക്കുകയും 27ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.