ഹൈപ്പര്‍മാര്‍ക്കറ്റ് ഹൈറേഞ്ചിലെ ജനതയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവന; റോഷി അഗസ്റ്റിന്‍
കട്ടപ്പന: ഹൈറേഞ്ചിലെ ജനതയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവനയായിരിക്കും കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളിലും ഇടപെടുവാന്‍ കഴിയുന്ന രീതിയില്‍ സഹകരണമേഖല ശക്തി പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സഹകരണ ബാങ്കിന്റെ ഹൈപ്പര്‍മാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ,് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍, തോമസ് ജോസഫ് മുന്‍ എം.എല്‍.എ അഡ്വ. ഇ.എം. ആഗസ്തി, നഗരസഭ അധ്യക്ഷ ബീന ജോബി, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പി. മൊയ്തീന്‍കുട്ടി എന്നിവര്‍ നിര്‍വഹിച്ചു.
സാമുദായിക നേതാക്കന്‍മാര്‍, ത്രിതല പഞ്ചായത്ത് സാരഥികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഹൈപ്പര്‍മാര്‍ക്കറ്റ് ആഴ്ചയിലെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്നും മത്സ്യമാംസ പച്ചക്കറി വിഭാഗം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയും മറ്റു വിഭാഗങ്ങള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ടുവരെയും ആയിരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു.