പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും
ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാൻ മുൻകരുതലുകൾ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. ഒമൈക്രോൺ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തുടരുകയാണ്. ഒമൈക്രോൺ വകഭേദം കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്‌തമാക്കണം. രണ്ടാം ഡോസ് വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
രാജ്യാന്തര വിമാനയാത്രക്കുള്ള ഇളവുകൾ പുനഃപരിശോധിക്കണം. വിദേശത്ത് നിന്ന് എത്തുന്നവർക്ക് നിരീക്ഷണവും പരിശോധനയും കർശനമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വകഭേദം ആശങ്ക ഉണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്‌തമാക്കിയിരുന്നു. നിലവിലുള്ള വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്‌ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
യഥാർഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമൈക്രോൺ രോഗമുക്‌തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമൈക്രോണിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട് ചെയ്‌തത്.