മുരിക്കാശേരിയിൽ നിന്നും കുരുമുളക് മോഷണം: ഒരു പ്രതി പിടിയിൽ; 2 പേർ കടന്നുകളഞ്ഞു
മുരിക്കാശേരി ∙ സേനാപതിയിലെ മലഞ്ചരക്ക് കടയിൽ നിന്നു കുരുമുളക് മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ പീച്ചാട് സ്വദേശി ഉറുമ്പന്നാൽ ജിബിൻ വർഗീസിനെ (24) ആണ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളായ 2 പേർ ഓടി രക്ഷപ്പെട്ടു. മങ്കുവ സ്വദേശി ഷെയ്സ്, അടിമാലി മുനിത്തണ്ട് സ്വദേശി അജിത്ത് എന്നിവരാണ് കടന്നുകളഞ്ഞത്. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വ രാത്രിയിലാണ് സേനാപതി ടൗണിലെ കടയുടെ പൂട്ട് കുത്തിത്തുറന്ന് 220 കിലോ കുരുമുളക് മോഷ്ടിച്ചു കടത്തിയത്. തുടർന്ന് മുരിക്കാശേരി പൊലീസ് നടത്തിയ നിരീക്ഷണത്തിൽ അടിമാലി ഇരുമ്പുപാലം ഷാപ്പിനു സമീപം പ്രതികൾ എത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചു. പൊലീസിനെ കണ്ട് പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ജിബിനെ പിടികൂടി. പിടിച്ചെടുത്ത കാറിൽ നിന്നു 120 കിലോയോളം കുരുമുളകും കണ്ടെടുത്തിട്ടുണ്ട്.
മോഷ്ടിച്ചെടുത്ത 93 കിലോ കുരുമുളക് ഇവർ പത്താം മൈലിനു സമീപമുള്ള മലഞ്ചരക്ക് കടയിൽ വിൽപന നടത്തിയിരുന്നു. മുരിക്കാശേരി പൊലീസ് ഇൻസ്പെക്ടർ നിർമൽ ബോസ്, എസ്ഐമാരായ എബി മാത്യു, സാബു തോമസ്, ജിജി ജോൺ, എഎസ്ഐമാരായ ഷൗക്കത്ത് അലി, ജോർജ് കുട്ടി, കെ.ആർ.അനീഷ്, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.