കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം;ലൈനിലേയ്ക്ക് വൈദ്യുതി എത്തിയത് ഹോം അപ്ലയൻസസ് സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നെന്ന് കണ്ടെത്തൽ
കട്ടപ്പന:നഗരത്തിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഹോം അപ്ലയൻസസ് സ്ഥാപനത്തിലേയ്ക്കും.വ്യാപാര സ്ഥാപനത്തിലെ ജനനേറ്ററിൽ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്നാണ് കണ്ടെത്തൽ. ജനറേറ്റർ ഓൺ ചെയ്യുന്ന സമയത്ത് സർവ്വീസ് കേബിൾ വഴി ലൈനിലേയ്ക്ക് വൈദ്യുതി എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംശയം നിലനിന്നിരുന്നതിനാൽ ഹോം അപ്ലയൻസസിലെ ജനറേറ്ററും,മീറ്ററും തിങ്കളാഴ്ച്ച തന്നെ ഉദ്യോഗസ്ഥർ സീൽ ചെയ്തിരുന്നു.
വൈദ്യുത ബോർഡിന്റെ അനുമതി വാങ്ങാതെയാണ് ഹോം അപ്ലയൻസസ് സ്ഥാപനം ജനറേറ്റർ പ്രവർത്തിപ്പിച്ചതെന്നും സൂചനയുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അടങ്ങുന്ന സംഘം ഇന്ന് ജനറേറ്ററും അനുബന്ധ വസ്തുക്കളും പരിശോധിച്ചിരുന്നു.11 കെ. വി ലൈനിലെ തകരാർ പരിഹരിക്കുന്ന ശ്രമത്തിനിടെ നിർമ്മലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി ജേക്കബാണ്( 52) വൈദ്യുതാഘാതമേറ്റ് മരിച്ചത്.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. ജോലികൾ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പോസ്റ്റിലേയ്ക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു.പോസ്റ്റിന് മുകളിൽ കുടുങ്ങിയ ഇദ്ദേഹത്തെ ഫയർഫോഴ്സെത്തി കയർ ഉപയോഗിച്ചാണ് താഴെയിറക്കിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രിക്കൽ ഇൻസ്പെകടറിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികളുണ്ടാകുകയെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി.സംഭവത്തിൽ കട്ടപ്പന പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്