മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് എം പിമാർ
കട്ടപ്പന :മുല്ലപ്പെരിയാർ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതിൽ മുൻ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും ,ഡീൻ കുര്യാക്കോസ് എം.പിയും പ്രതിഷേധിച്ചു.
മൂന്നു ദിവസം മുൻപ് ചീഫ് സെക്രട്ടറിയ്ക്കും, കളക്ടർക്കും രേഖാമൂലം കത്ത് നൽകിയെങ്കിലും അനുമതി നൽകിയില്ല.
ഡാമിന്റെ നിലവിലെ അവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.സംസ്ഥാന സർക്കാരിന് എന്തോ ഒളിച്ചു വയ്ക്കാനുളളതു കൊണ്ടാണ് തങ്ങളുടെ സന്ദർശനം തടഞ്ഞതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കാത്ത നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളവും തമിഴ്നാടും തമ്മിൽ തയ്യാറാക്കിയ അന്തർധാരയുടെ ഭാഗമാണ് തങ്ങൾക്ക് അനുമതി നിഷേധിക്കാൻ കാരണം.അതേ സമയം വീണ്ടും അനുമതി നിഷേധിച്ചതിൽ സംസ്ഥാന യു ഡി എഫ് നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം പ്രതിഷേധം ശക്തമാക്കുമെന്നും എം.പിമാർ ഉപ്പുതറയിൽ പറഞ്ഞു.