ഇന്ത്യ–ന്യൂസീലൻഡ് പരമ്പര അർഥശൂന്യം: തുറന്നടിച്ച് കിവീസ് താരം മക്‌ലീനഘൻ
ക്രൈസ്റ്റ്ചർച്ച്∙ ട്വന്റി20 ലോകകപ്പിനു തൊട്ടുപിന്നാലെ സംഘടിപ്പിച്ച ഇന്ത്യ–ന്യൂസീലൻഡ് പരമ്പര അർഥശൂന്യമെന്ന് തുറന്നടിച്ച് ന്യൂസീലൻഡ് താരം മിച്ചൽ മക്‌ലീനഘൻ. ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസീലൻഡ് ടീമിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളത്തിലിറങ്ങാൻ നിർബന്ധിതരാക്കിയ പരമ്പര, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കെയാണ് മക്‌ലീനഘന്റെ പരാമർശം പുറത്തുവന്നത്.
ട്വിറ്ററിൽ ഒരു ഇന്ത്യൻ ആരാധകന്റെ കമന്റിനുള്ള മറുപടിയിലാണ് ഇന്ത്യ–ന്യൂസീലൻഡ് പരമ്പരയെ മക്‌ലീനാഘൻ ‘അർഥശൂന്യം’ എന്ന് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ പോസ്റ്റിനു താഴെ മക്‌ലീനഘൻ കമന്റിട്ടിരുന്നു. ഇതിനു താഴെയാണ് ഒരു ഇന്ത്യൻ ആരാധകൻ ന്യൂസീലൻഡിനെതിരെ ഇന്ത്യ ട്വന്റി20 പരമ്പര നേടിയ കാര്യം മക്‌ലീനഘനെ ഓർമിപ്പിച്ചത്. ഈ കമന്റിനോട് മക്‌ലീനഘൻ പ്രതികരിച്ചത് ഇങ്ങനെ;
‘അവർ തോറ്റോ? ലോകകപ്പ് ഫൈനലിൽ തോറ്റ് 72 മണിക്കൂറിനുള്ളിൽ അവർ കളിക്കേണ്ടി വന്ന ആ അർഥശൂന്യമായ പരമ്പരയല്ലേ? മാത്രമല്ല, സ്വന്തം നാട്ടിൽ 10 ദിവസത്തെ വിശ്രമം ലഭിച്ച ഒരു ടീമിനെതിരെ അഞ്ച് ദിവസം കൊണ്ട് മൂന്നു മത്സരങ്ങളല്ലേ കളിക്കേണ്ടി വന്നത്?’ – മക്‌ലീനഘൻ കുറിച്ചു.