ജി.എസ്.ടി 5ൽ നിന്ന് 12%, തുണി, ചെരി പ്പ് വില കൂടും
ന്യൂഡൽഹി: 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയർത്താൻ തീരുമാനിച്ചതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും. ഉദാഹരണത്തിന്, 1000 രൂപയുടെ തുണിക്ക് 12 ശതമാനം ജി.എസ്.ടി കൂടിയാകുമ്പോൾ വില 1120 രൂപയാകും. ഇന്ത്യയിൽ വിറ്റഴിയുന്ന തുണിത്തരങ്ങളിൽ 80 ശതമാനവും ആയിരം രൂപയ്ക്ക് താഴെയുള്ളതാണ്. കമ്പിളിപ്പുതപ്പ്, ടേബിൾ ഷീറ്റ് തുടങ്ങിയവയ്ക്കും പുതിയ നികുതി നിരക്ക് ബാധകമാണ്.
സാധാരണക്കാരെ കരുതിയാണ് നികുതി അഞ്ചു ശതമാനത്തിൽ ഒതുക്കിയിരുന്നത്. ഉയർന്ന വിലയുള്ളവയ്ക്ക് പന്ത്രണ്ട് ശതമാനവും ഈടാക്കി വരികയാണ്. ഒരേ സാധനത്തിന്റെ നികുതി പല തട്ടിലാകുന്നത് ആശയക്കുഴപ്പം വരുത്തുന്നതിനാൽ ഏകീകരിക്കാൻ ജി.എസ്.ടി കൗൺസിൽ ശുപാർശ നൽകിയിരുന്നു. സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസാണ് (സി.ബി.ഐ.സി) ഇന്നലെ പുതിയ നികുതി നിരക്ക് പ്രഖ്യാപിച്ചത്.
വസ്‌ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ നികുതിയും വില അനുസരിച്ച് അഞ്ച് മുതൽ 18 ശതമാനം വരെയാണ്. ഇതും 12 ശതമാനമായി ഏകീകരിച്ചിട്ടുണ്ട്.
തിരിച്ചടിയെന്ന് നിർമ്മാതാക്കൾ
അസംസ്കൃത വസ്‌തുക്കളുടെ വിലക്കയറ്റം മൂലം 15-20 ശതമാനം വരെ വില ഉയരുമെന്ന് ഉറപ്പായിരിക്കേയാണ് ജി.എസ്.ടിയും കൂട്ടിയത്. ഇതോടെ, പ്രതീക്ഷിച്ചതിൽ കൂടുതൽ വിലവർദ്ധന ഉണ്ടാകുമെന്ന് ക്ളോത്തിംഗ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (സി.എം.എ.ഐ) വ്യക്തമാക്കി.
ഓൺലൈൻ ഭക്ഷണവും ജി.എസ്.ടിയിലേക്ക്
ഓൺലൈനിൽ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളിൽ നിന്ന് സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇ-ഡെലിവറി കമ്പനികൾ ജി.എസ്.ടി ഈടാക്കുന്ന സംവിധാനം ജനുവരി ഒന്നിന് നിലവിൽ വരും. ഹോട്ടലുകൾക്ക് പകരം ഡെലിവറി കമ്പനികൾ നികുതി ഈടാക്കുമെന്ന വ്യത്യാസമേയുള്ളൂ. ഭക്ഷണവിലയിൽ മാറ്റമുണ്ടാകില്ല.
സ്ളാബുകൾ കുറയ്ക്കും , നഷ്ടപരിഹാരം നിറുത്തും
നാല് തോതിലുള്ള ജി.എസ്.ടി സ്ളാബ് (5, 12, 18, 28 ശതമാനം) മൂന്നായി കുറച്ചേക്കും
നികുതി ഘടന ലളിതമാക്കി വരുമാനം ഉയർത്തുകയാണ് ലക്ഷ്യം
സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരം അടുത്ത ജൂലായോടെ അവസാനിപ്പിക്കും
നഷ്ടപരിഹാരം തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്