മുല്ലപ്പെരിയാറിൽ പുതിയ ഡാം; ചപ്പാത്തിൽ ഉപവാസ സമരം
ഉപ്പുതറ ∙ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് കേരള സർക്കാരിന്റേതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ചപ്പാത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ തമിഴ്‌നാടിന് വഴങ്ങുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ബേബി ഡാം ബലപ്പെടുത്താനായി അവിടുള്ള മരങ്ങൾ മുറിക്കാൻ കേരള സർക്കാർ അനുമതി നൽകി. ആ വിവരം ജലവിഭവ- വനം വകുപ്പ് മന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ ആ സ്ഥാനത്ത് തുടരണമോയെന്ന് അവർ ചിന്തിക്കണം.ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു.
പാർട്ടി വർക്കിങ് ചെയർമാൻ പി.സി.തോമസ്, ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ് എംഎൽഎ, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, ഷീല സ്റ്റീഫൻ, വർഗീസ് വെട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് സാബു വേങ്ങവേലി, ജേക്കബ് പനന്താനം, ഡെയ്‌സി സാബു തുടങ്ങിയവർ നേതൃത്വം നൽകി.