ജനജീവിതം പതിയെ ട്രാക്കിലെത്തുമ്പോഴും കെഎസ്ആർടിസി പല റൂട്ടുകളെയും മറന്നു ; ഓർഡിനറി സർവീസുകൾ പലതും നിലച്ചു
ജനജീവിതം പതിയെ ട്രാക്കിലെത്തുമ്പോഴും കെഎസ്ആർടിസി പല റൂട്ടുകളെയും മറന്ന മട്ടാണ്. സ്കൂളുകളും കോളജുകളും തുറന്നതോടെ ബസ് സർവീസിനെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാർഥികളും ബുദ്ധിമുട്ടിലാണ്. കെഎസ്ആർടിസി സർവീസ് മുടങ്ങിക്കിടക്കുന്ന പല റൂട്ടുകളിലും സ്വകാര്യ ബസുകളും പരിമിതമായാണു സർവീസുകൾ നടത്തുന്നത്. ഇതുമൂലം പല പ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്.
ജീവനക്കാരില്ലാത്തതാണു സർവീസ് പുനരാരംഭിക്കുന്നതിനു തടസ്സമായി അധികൃതർ പറയുന്നത്. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ കണ്ടക്ടർ, ഡ്രൈവർ ക്ഷാമം വലിയ പ്രതിസന്ധിക്ക് ഇടയാക്കുകയാണ്. നല്ല കണ്ടിഷനുള്ള ബസുകൾ പലതും നഷ്ടത്തിന്റെ പേരു പറഞ്ഞ് റീജനൽ വർക്‌ഷോപ്പുകളിൽ കൊണ്ടിട്ടിരിക്കുന്നതു മൂലം ആവശ്യത്തിനു ബസുകൾ ഇല്ലാത്തതും സർവീസുകൾ പുനരാരംഭിക്കുന്നതിനു തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓർഡിനറി സർവീസുകൾ പലതും നിലച്ചു
∙ തൊടുപുഴ ഡിപ്പോയിൽ നിന്നു ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവീസുകൾ പലതും നിലച്ചതോടെ യാത്രക്കാർ ദുരിതത്തിലാണ്. തൊടുപുഴ–മുള്ളരിങ്ങാട് റൂട്ടിൽ ഒരു ബസ് 2 ട്രിപ് നടത്തിയിരുന്നത് ഇപ്പോൾ ഓടുന്നില്ല. തൊടുപുഴ–ചെപ്പുകുളം, തൊടുപുഴ–പൂമാല സർവീസുകളും നിർത്തിയിരിക്കുകയാണ്.
തൊടുപുഴ–ആനക്കയം സർവീസ് പുനരാരംഭിക്കാത്തതിനാൽ വിദ്യാർഥികളും ജോലിക്കാരുമടക്കം ഒട്ടേറെ യാത്രക്കാരാണ് വലയുന്നത്. ഈ മേഖലയിലെ യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്ന സർവീസാണ് ഇപ്പോൾ നാളുകളായി മുടങ്ങിക്കിടക്കുന്നത്. ഈ റൂട്ടിൽ കെഎസ്ആർടിസി 3 ട്രിപ് നടത്തിയിരുന്നതാണ്. രാവിലെ 5.30 ന് ഉള്ള തൊടുപുഴ–മേരിഗിരി, 6.30 നുള്ള തൊടുപുഴ–തോപ്രാംകുടി എന്നീ സർവീസുകളും നടത്തുന്നില്ല.
തൊടുപുഴ– മേത്തൊട്ടി
∙ പൂമാല കെഎസ്ആർടിസിയുടെ മേത്തൊട്ടി ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ 6.30ന് തൊടുപുഴയിൽ നിന്ന് മേത്തൊട്ടിക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നിർത്തിയിട്ട് ഒരു വർഷത്തിലേറെയാകുന്നു.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഈ ബസ് രാവിലെ തൊടുപുഴയിൽ നിന്നുള്ള സർവീസ് നിർത്തി പകരം മൂലമറ്റത്ത് നിന്നു സർവീസ് ആരംഭിച്ച് മേത്തൊട്ടിയിൽ എത്തി തൊടുപുഴയ്ക്ക് സർവീസ് നടത്താൻ തുടങ്ങി. എന്നാൽ സമയക്രമം മാറിയതോടെ സർവീസ് നഷ്ടത്തിലായി. തൊടുപുഴയിൽ നിന്ന് രാവിലെ 6.30തിന് മേത്തൊട്ടിക്ക് ബസ് സർവീസ് പുനരാരംഭിച്ച് നഷ്ടത്തിലായ മേത്തൊട്ടി ബസ് നിർത്തിയാൽ കെഎസ്ആർടിസിക്കു കൂടുതൽ വരുമാനം ലഭിക്കും.
മൂലമറ്റം – എറണാകുളം
∙ മൂലമറ്റം കട്ടപ്പന-വാഗമൺ വഴി എറണാകുളം കെഎസ്ആർടിസി ബസ് സർവീസ് നിലച്ചതോടെ പുള്ളിക്കാനം, കുമ്പങ്കാനം, പുത്തേട്, വലകെട്ട്, കൂവപ്പള്ളി, സീയോൺകുന്ന്, മോർക്കാട്, ചക്കിക്കാവ് പ്രദേശത്തുള്ളവർ പുറം ലോകത്ത് എത്താൻ ഓട്ടോറിക്ഷയോ ടാക്‌സിയോ ശരണം. ഇതുകൊണ്ട് ഏറെ ദുരിതം അനുഭവിക്കുന്നത് വിദ്യാർഥികളാണ്. സ്‌കൂൾ തുറന്നെങ്കിലും പല വിദ്യാർഥികൾക്കും ഇനിയും സ്‌കൂളിൽ പോകാൻ സാധിക്കുന്നില്ല. വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന നൂറിലേറെ വിദ്യാർഥികളുടെ ഏക ആശ്രമായിരുന്നു കട്ടപ്പന എറണാകുളം കെഎസ്ആർടിസി ബസ്.
കട്ടപ്പന – ആനക്കട്ടി
∙ കോവിഡ് പ്രതിസന്ധിയും ജീവനക്കാരുടെ കുറവുമെല്ലാം മൂലം കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന മികച്ച വരുമാനം ഉണ്ടായിരുന്ന 2 സർവീസുകളാണ് നിലച്ചത്. കട്ടപ്പനയിൽ നിന്ന് ആനക്കട്ടിക്കും തിരികെ കട്ടപ്പനയ്ക്കും സർവീസ് നടത്തിയിരുന്ന ബസിൽ നിന്ന് ശരാശരി 30,000 രൂപയാണ് വരുമാനം ഉണ്ടായിരുന്നത്. ചെമ്പകപ്പാറ-മുരിക്കാശേരി-കരിമ്പൻ-ചേലച്ചുവട്-വണ്ണപ്പുറം-മൂവാറ്റുപുഴ-തൃശൂർ, പെരിന്തൽമണ്ണ വഴിയാണ് ആനക്കട്ടി സർവീസ് ക്രമീകരിച്ചിരുന്നത്.
ആനക്കുളം– തിരുവല്ല
∙ യാത്രക്കാരുടെ കൂട്ടായ്മയിൽ വാട്സാപ് ഗ്രൂപ്പിലൂടെ ശ്രദ്ധേയമായ ആനക്കുളം– തിരുവല്ല കെഎസ് ആർടിസി സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടാണ് സർവീസ് നിർത്തിയത്. എന്നാൽ നിർത്തലാക്കിയ സർവീസുകളിൽ പലതും പുനരാരംഭിച്ചിട്ടും ആനക്കുളം– തിരുവല്ല സർവീസ് പുനരാരംഭിക്കാൻ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മാങ്കുളം, അടിമാലി മേഖലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു വേണ്ടി പോകുന്ന രോഗികൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇതോടൊപ്പം തൊടുപുഴ, പാലാ, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കാർ, വിദ്യാർഥികൾ എന്നിവർക്കും സർവീസ് ഏറെ പ്രയോജനപ്പെട്ടതോടെയാണു വാഹനത്തിലെ സ്ഥിരം യാത്രക്കാർ ഒത്തു കൂടി വാട്സാപ് കൂട്ടായ്മയ്ക്കു രൂപം നൽകിയത്.
മൂന്നാർ– കോട്ടയം
∙ ഗ്രാമീണ മേഖലയായ മുനിയറയിൽ എത്തിയ ശേഷം അവിടെ നിന്നു കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന, മൂന്നാർ ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാത്തത് ഈ പ്രദേശത്തെ യാത്രക്കാർക്ക് ദുരിതമായി. രാത്രി മൂന്നാറിൽ നിന്ന് മുനിയറയിലേക്കു പോയിരുന്ന ഈ ബസിനെ മുനിയറ, കമ്പിളിക്കണ്ടം മേഖലയിലെ ഒട്ടേറെ യാത്രക്കാർ ആശ്രയിച്ചിരുന്നു. പിറ്റേന്ന് പുലർച്ചെയാണ് ഈ ബസ് ഇവിടെ നിന്ന് കോട്ടയത്തേക്ക് ഓടിയിരുന്നത്.
കോട്ടയം – രാജാക്കാട്
∙ കോട്ടയത്തു നിന്നു നെടുങ്കണ്ടം വഴി രാജാക്കാട് എത്തിയിരുന്ന കെഎസ്ആർടിസി സർവീസ് അവസാനിപ്പിച്ചത് ഹൈറേഞ്ചിലെ യാത്രാക്ലേശം രൂക്ഷമാക്കി. രാത്രി 12.30 ന് കോട്ടയത്തു നിന്നു പുറപ്പെട്ട് രാവിലെ 6.30 ന് നെടുങ്കണ്ടത്തും 7.30നു രാജാക്കാടും എത്തിയിരുന്ന സർവീസാണ് മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പില്ലാതെ നിർത്തിയത്. രാജാക്കാട്ടു നിന്നു രാവിലെ 9.30 ന് കോട്ടയത്തേക്ക് പുറപ്പെട്ടിരുന്ന ഇൗ സർവീസ് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു.