മൂന്നാറിൽ രാത്രി തങ്ങാൻ 100 രൂപ, കമ്പിളിയും ചൂടുവെള്ളവും; കെഎസ്ആർടിസി ‘സ്ലീപ്പർ കോച്ച്’ സൂപ്പർ ഹിറ്റ്
മൂന്നാർ∙ കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ ടൂറിസം രംഗത്തേക്കുള്ള ചുവടുവയ്പ് വിജയവഴിയിൽ ഒരു വർഷം പിന്നിട്ടു. മൂന്നാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ രാത്രി തങ്ങാൻ സ്ലീപ്പർ കോച്ച് ബസുകൾ തയാറാക്കിയായിരുന്നു കെഎസ്ആർടിസി ടൂറിസം രംഗത്തേക്ക് ചുവടുവച്ചത്. 2020 നവംബർ 14നാണ് മൂന്നാർ ഡിപ്പോയിൽ സ്ലീപ്പർ കോച്ച് ബസുകളിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള പദ്ധതി ആരംഭിച്ചത്.
ഒരു വർഷം പൂർത്തിയായപ്പോൾ മികച്ച വരുമാനമാണ് കെഎസ്ആർടിസി ഇതുവഴി നേടിയത്. നിലവിൽ 7 ബസുകളാണ് അകത്ത് രൂപമാറ്റം വരുത്തി സ്ലീപ്പർ കോച്ചുകളാക്കിയിരിക്കുന്നത്. കൃത്യം ഒരു വർഷം തികഞ്ഞ ഈ പദ്ധതി വഴി ഡിപ്പോയ്ക്ക് ലഭിച്ച വരുമാനം 14,33,970 രൂപയാണ്. ഒരു രാത്രി തങ്ങുന്നതിന് ഒരാളിൽനിന്ന് 100 രൂപയാണ് ഈടാക്കുന്നത്. ഒരു ബസിൽ 16 പേർക്ക് താമസിക്കാം. ചെറിയ തുക അധികം നൽകിയാൽ കമ്പിളിയും ചൂടുവെള്ളവും ലഭിക്കും.
ഒരു വർഷത്തിനിടെ 12,073 പേരാണ് ഈ പദ്ധതിപ്രകാരം സ്ലീപ്പർ കോച്ചുകളിൽ താമസിച്ചത്. ബസ് സ്റ്റാൻഡിലാണ് ഈ ബസുകൾ നിർത്തിയിട്ടിരിക്കുന്നത്. സ്ലീപ്പർ കോച്ച് സംവിധാനം വിജയകരമായതോടെയാണ് സന്ദർശകർക്കായി സൈറ്റ്‌സീയിങ് ബസുകൾ എന്ന ആശയം നടപ്പാക്കിയത്. ടോപ്‌സ്റ്റേഷൻ, കാന്തല്ലൂർ എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിൽ ടൂറിസ്റ്റുകൾക്കായി സൈറ്റ്‌സീയിങ് സർവീസ് ആരംഭിച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കാന്തല്ലൂർ സർവീസ് നിർത്തിയെങ്കിലും ടോപ്സ്റ്റേഷൻ സർവീസ് മുടങ്ങാതെ ഓടുന്നുണ്ട്.കഴിഞ്ഞ ജനുവരി ഒന്നിനാണ് ഈ സർവീസുകൾ തുടങ്ങിയത്. ഇതുവരെ 7,107 പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ മൂന്നാർ ചുറ്റിക്കണ്ടത്. 16,90,500 രൂപയാണ് ഇതുവരെയുള്ള വരുമാനം.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, മൂന്നാർ ഡിപ്പോ ഇൻചാർജ് സേവി ജോർജ് എന്നിവരാണ് ഈ പദ്ധതികൾക്ക് പിന്നിൽ. മലപ്പുറത്തുനിന്ന് സന്ദർശകർക്ക് മാത്രമായി മൂന്നാറിലേക്ക് സർവീസ് ആരംഭിച്ചത് സ്ലീപ്പർ കോച്ച്, സൈറ്റ്‌സീയിങ് പദ്ധതികളുടെ വിജയത്തിനു പ്രധാന കാരണമാണ്.