വനം വകുപ്പിന്റെ ചുവപ്പ് നാടയിൽ കുരുങ്ങി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ പത്തൊൻപത് കുടുംബങ്ങൾ.ലൈഫ് പദ്ധതിയിൽ വീടനുവദിച്ച് പ്രാരംഭ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് സംരക്ഷിത വനഭൂമിയാണെന്ന വാദവുമായി വനം വകുപ്പ് ഡി എഫ് ഒ നിർമ്മാണം മരവിപ്പിച്ചത്
കട്ടപ്പന :ലൈഫ് പദ്ധതിയില്‍ വീടുകളുടെ നിര്‍മാണം ആരംഭിച്ചപ്പോള്‍ വനം വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്ന് 19 കുടുംബങ്ങളാണ് തീരാ ദുരിതത്തിലായിരിക്കുന്നത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റ് ഉൾപ്പെടുന്ന
കോവിൽമലയിലും മുരിക്കാട്ടുകുടിയിലുമായിട്ടാണ് കുടുംബങ്ങൾ കഴിയുന്നത്. 2019 ലാണ് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് ജനറൽ വിഭാഗത്തിൽപ്പെട്ട പത്തൊൻപത് കുടുംബങ്ങൾക്കും വീടനുവദിച്ചത്. പഞ്ചായത്തില്‍ നിന്ന് അനുവദിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു വീടിന് അനുമതി.ഭൂമി വനമേഖലയില്‍ ആണെങ്കിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ സാക്ഷ്യപത്രം ലഭ്യമാക്കി ഗുണഭോക്താക്കളാകാനും നിര്‍ദേശമുണ്ടായിരുന്നു.
എന്നാൽ പഞ്ചായത്തിന്റെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റില്‍ വനഭൂമിയാണെന്ന് പരാമര്‍ശിച്ചിരുന്നില്ല.ആദ്യ ഗഡു ലഭിച്ചതോടെ കുടുംബങ്ങൾ ഉണ്ടായിരുന്ന വീടുകൾ പൊളിച്ച് അടിത്തറ നിർമ്മിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിർമ്മാണം നടക്കുന്നത് ആദിവാസികൾക്ക് വനാവകാശ രേഖ പ്രകാരം പതിച്ച് നൽകിയ ഭൂമിയിലാണെന്ന പരാതി ലഭിച്ചത്. ഡി എഫ് ഒ യുടെ റിപ്പോർട്ട് കളക്ട്രേറ്റിലെത്തിയതോടെ നിർമ്മാണം നിലച്ചു. ഇതിനിടെ നിലവിലുള്ള നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് കാട്ടി അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പഞ്ചായത്തിന് കത്തും നല്‍കി.
ആദിവാസികള്‍ക്ക് വനാവകാശ രേഖ പ്രകാരം അനുവദിച്ച വനഭൂമിയാണ് ഗുണഭോക്താക്കളുടെ കൈവശമുള്ളതെന്നാണ് വനം വകുപ്പിന്റെ കത്തിലുള്ളത്.കൈവശത്തിലുള്ള ഭൂമി വനഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്തില്‍ നിന്ന് നിര്‍ദേശം നല്‍കി. പലരില്‍ നിന്നായി വാങ്ങിയതും പതിറ്റാണ്ടുകളുമായി കൈവശത്തിലുള്ളതുമായ ഭൂമിക്ക് ഇതുവരെയും പട്ടയം ലഭിച്ചിരുന്നില്ല. ഇവരുടെ പക്കല്‍ ആകെയുള്ളത് വീടിന്റെ കരമടച്ച രസീതുകള്‍ മാത്രമാണ്. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യു, വനം വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തില്‍ ഗുണഭോക്താക്കള്‍ നേരിട്ടെത്തി വിഷയം ധരിപ്പിച്ചിരുന്നു. നിര്‍മാണം പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.സ്ഥിര താമസ സര്‍ട്ടിഫിക്കറ്റില്‍ വനഭൂമിയാണെന്ന് പരാമര്‍ശിക്കാതെയിരുന്നതാണ് ലൈഫിൽ വീടനുവദിക്കാൻ കാരണമായത്.മുൻപ് ഇതേ മേഖലകളില്‍ ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചതും ശ്രദ്ധേയമാണ്.നിര്‍മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിവേദനവും ഗുണഭോക്താക്കള്‍ ഒപ്പിട്ട മെമ്മോറാണ്ടവും പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിന്റെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് നല്‍കിയിരുന്നു.ഇതിന് പിന്നാലെ ബി ജെ പി പ്രവർത്തകരും ഇന്ന് കുടുംബങ്ങളെ സന്ദർശിച്ചു.മന്ത്രിസഭാ തലത്തിൽ തീരുമാനമുണ്ടായെങ്കിൽ മാത്രമേ ഈ കുടുംബങ്ങൾക്ക് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ മടങ്ങാനാകു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പ്രായമായവരും ,രോഗികളുമടക്കം തത്കാലിക പ്ലാസ്റ്റിക് ഷെഡുകളിലാണ് തല ചായ്ക്കുന്നത്