അട്ടപ്പാടിക്ക് അഭിമാനമായി അനു, സൗന്ദര്യമത്സരത്തിൽ താരമായി പ്ലസ്ടുക്കാരി
അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിൽ നിന്നും ആദ്യമായി സൗന്ദര്യ മത്സരവേദിയിൽ തിളങ്ങുകയാണ് അനു പ്രശോദിനി. ‘മിസ് കേരള ഫിറ്റ്നസ് ഫാഷനി’ലെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ഈ മിടുക്കി.
ഒപ്പം പ്രിയനന്ദൻ സംവിധാനം ചെയ്യുന്ന ഗോത്രഭാഷയിലുള്ള ‘ധബാരി ക്യൂരിവി’ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുമുണ്ട്.
പാലക്കാട് മോയിൻസ് സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനു.
‘പഠനം പൂർത്തിയാക്കി ജോലി നേടണം. പിന്നീട് മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണം. ഒരു ലക്ചറർ ആകണം. ഒപ്പം ഫാഷനും മോഡലിങുമെല്ലാം ഒരുമിച്ച് കൊണ്ട് പോകണം. അട്ടപ്പാടിയിൽ നിന്നാണെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും അത്ഭുതമാണ്. പിന്നോക്കം നിൽക്കുന്നതുകൊണ്ടാണ് ഇപ്പോഴും എല്ലാവരും ഞങ്ങളെ അത്ഭുതമായി കാണുന്നുന്നത്. ഞങ്ങൾക്കിടയിലും ഒരുപാട് കഴിവുള്ളവർ ഉണ്ട്. അവരെയൊക്കെ മുന്നോട്ട് കൊണ്ടുവരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമ്പോഴാണ് കഴിവുകൾ പുറം ലോകം അറിയുന്നത്.’
അനു ആഗ്രഹങ്ങൾ പറയുന്നു.