ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്; നാഷണൽ ഹെൽത്ത് ഐഡി പദ്ധതി സോഷ്യൽ മീഡിയ വഴി വ്യാജ കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ഐ ഡി പദ്ധതിയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നത്. വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ ഫീ ഇനത്തിൽ പലർക്കും പണം നഷ്ടമായി.
അക്ഷയയിൽ പോകൂ, 50 രൂപ അടച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നേടൂ എന്ന് പ്രചരിപ്പിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണ്. സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ പരക്കം പായുന്ന പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹ്യ ദ്രോഹികളും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ.
വാട്ട്സാപ്പിലും ഫേസ്ബുക്കിലും കുറച്ചു ദിവസമായി ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു എന്നൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതാണ് ആ വ്യാജ സന്ദേശത്തിൻറെ ഉള്ളടക്കം.
‘പ്രധാനമന്ത്രിയുടെ കീഴിൽ ആവിഷ്കരിച്ച പദ്ധതിയാണ് ‘ആയുഷ്മാൻ ഭാരത്’. പുതിയ അപേക്ഷകൾ എടുത്തു തുടങ്ങി. 5 ലക്ഷമാണ് ഇൻഷുറൻസ് തുക. അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം. അക്ഷയയുടെ 50 രൂപ സർവീസ് ചാർജ്ജ് മാത്രം അടച്ചാൽ മതി. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്. ഒ.ടി.പി. സ്വീകരിക്കാനായി ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറും റേഷൻ കാർഡുമാണ് ആവശ്യമായ രേഖകൾ. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടേയും ഇത്രയും രേഖകളുമായി ചെന്നാൽ അപേക്ഷിക്കാം. അപേക്ഷകന് അവർ ഒരു കാർഡ് നൽകുന്നതായിരിക്കും. ഓരോ കാർഡ് ഉടമയ്ക്കും 5 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. എല്ലാ സർക്കാർ-പ്രൈവറ്റ് ആശുപത്രിയിലും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തികച്ചും കടലാസ് രഹിതമാണ്. ഈ മാസം ഒന്നാം തീയതി മുതലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.’
എന്താണ് ആയുഷ്മാൻ ഭാരത് പദ്ധതി? നിലവിൽ കേരളത്തിൽ ആനുകൂല്യം കിട്ടുന്നത് ആർക്കൊക്കെ?
ആരോഗ്യനയം 2017ന്റെ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ പതാക വാഹക പദ്ധതികളിലോന്നാണ് ആയുഷ്മാന്‍ ഭാരത്. ഭാരത പൗരന്‍മാര്‍ക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് (https://pmjay.gov.in/about/pmjay)
കേരളത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പാക്കുന്നത്. 2018-19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽ നിന്നുള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ 2011 കാസ്റ്റ് സെൻസെസ് പ്രകാരം അർഹരായവർ എന്നിവരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ (ആയുഷ്മാൻ ഭാരത്) പദ്ധതിയുടെ നിലവിലെ ഉപഭോക്താക്കൾ.
നിലവിൽ ഇവർക്കല്ലാതെ മറ്റാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. നിലവിൽ ഇപ്പോൾ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ അധികൃതർ അറിയിച്ചിരിക്കുന്നത്. (https://sha.kerala.gov.in/)
എന്താണ് നാഷണൽ ഹെൽത്ത് ഐ ഡി?
14 അക്ക തിരിച്ചറിയൽ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പറും, പിഎച്ച്ആർ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും.
ഹെൽത്ത് ഐ ഡിയുടെ സൈറ്റിൽ വ്യക്തിയുടെ ആധാർ വിവരങ്ങളും മൊബൈൽ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന ഹെൽത്ത് ഐ ഡി ആരോഗ്യ വിവരങ്ങളും റെക്കോർഡുകളും ഡിജിറ്റലായി സൂക്ഷിക്കാനും പരിശോധിക്കാൻ കഴിയുന്നതിനും അവസരമൊരുക്കും എന്നുമാണ് അറിയിച്ചിട്ടുള്ളത്.
ഹെൽത്ത് ഐ ഡി കാർഡിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ എന്തൊക്കെ?
രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകൾ നടത്തി, രോഗനിർണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റൽ പതിപ്പും സൂക്ഷിക്കുന്നു. രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവർത്തനം.
ഹെൽത്ത് ഐഡി കാർഡ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസാണെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പ് എങ്ങിനെ?
ഹെൽത്ത് ഐഡി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുന്നത്. കേരളത്തിൽ പല സ്ഥലത്തും വ്യാജ കേന്ദ്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഇത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നപേരിൽ ഹെൽത്ത് ഐ ഡി രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തിയിരുന്നു. 100 രൂപ മുതൽ 300 രൂപ വരെയാണ് രജിസ്‌ട്രേഷൻ ഫീസായി വ്യാജകേന്ദ്രങ്ങളിൽ ഈടാക്കുന്നത്.
വാട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന അറിയിപ്പ് വിശ്വസിച്ച് നിരവധി പേരാണ് ദിനംപ്രതി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി രജിസ്റ്റർ ചെയ്യുന്നതിനായി അക്ഷയ സെന്ററുകളിൽ എത്തുന്നത്. ആവശ്യമുള്ളവർക്ക് ഹെൽത്ത് കാർഡ് എടുത്തുകൊടുത്തും അല്ലാത്തവർക്ക് അക്ഷയ ജീവനക്കാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടക്കി അയക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് വ്യാജ വാർത്തകൾ ഷെയർ ചെയ്യപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ശ്രെദ്ധിക്കുക.
വാണിജ്യാടിസ്ഥാനത്തിൽ ഓൺലൈൻ സേവനം നൽകാൻ സംസ്ഥാന സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. നിലവിൽ കേരളത്തിൽ സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത് കാരുണ്യ ബെലവനന്റ് ഫണ്ട്, കാരുണ്യ സുരക്ഷാ പദ്ധതി എന്നീ രണ്ടു പദ്ധതികളിലൂടെയാണ്. ഈ പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാന ഹെൽത്ത് ഏജൻസിയാണ്. ഹെൽത്ത് ഐഡിയും സൗജന്യ ചികിത്സാ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ദേശീയ ആരോഗ്യ ഐഡി കാർഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകും എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ഹെൽത്ത് ഏജൻസി അധികൃതരും കേരള ഐ ടി മിഷനും അറിയിച്ചിട്ടുണ്ട്. യഥാർത്ഥ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് കേരള സംസ്ഥാന ഐടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്.
അക്ഷയ കേന്ദ്രങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ വിനയാകുന്ന ഇത്തരം വ്യാജവാർത്തകളേയും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെയും നിയന്ത്രിക്കാൻ ഗവണ്മെന്റ് ശക്തമായി ഇടപെടണമെന്ന് അക്ഷയ സംരംഭകർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.
അക്ഷയയിലൂടെ നടപ്പിലാക്കുന്ന പുതിയ പദ്ധതികളും ന്യൂസുകളും തൽസമയം അറിയുന്നതിനായി അക്ഷയ സംരംഭകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട www.akshayanewskerala.in എന്ന ന്യൂസ് ചാനൽ സന്ദർശിക്കുക. വ്യാജ വാർത്തകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക.