ഇരട്ടയാർ ഡാം സൈറ്റിലെ ടണൽ മുഖത്തെ അപകട ഭീഷണി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ
കട്ടപ്പന : ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ജലാശയത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന ടണൽ മുഖത്ത് സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ. തുരങ്കത്തിന് സമീപത്ത് ആത്മഹത്യകളും അപകടങ്ങളും പതിവായ സാഹചര്യത്തിലാണ് പരിസരവാസികൾ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ ടണൽ മുഖത്ത് വലിയ ഗേറ്റ് ഉണ്ടെങ്കിലും സുരക്ഷിതമല്ല. ടണലിന് ചുറ്റും ഡാം സേഫ്റ്റി വിഭാഗം സുരക്ഷാ ഭിത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും ഉണ്ടെങ്കിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
നവംബർ ഒന്നിന് രാത്രിയിൽ വലിയതോവാള മന്നാക്കുടി സ്വദേശിയായ ഹരികൃഷ്ണലാലിനെ തുരങ്കത്തിന് സമീപം വെള്ളത്തിൽ കാണാതായിരുന്നു.പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം അഞ്ചുരുളി തടാകത്തിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മുൻപ് മറ്റൊരാളും ഇതേ സ്ഥലത്ത് ചാടി ആത്മഹത്യ ചെയ്തിരുന്നു.ടണൽ കാണാനും മറ്റുമായി നിരവധിയാളുകളും ഇവിടെ എത്തുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലത്ത് മദ്യപ സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് ടണൽ നിറഞ്ഞാണ് വെള്ളമൊഴുകുന്നത്. അതിനാൽ തന്നെ ഈ ഭാഗത്ത് ഇറങ്ങിയാൽ തിരികെ കയറുക പ്രയാസമാണ്.മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ടണലിൽ ഓക്സിജന്റെ അളവും കുറവാണ്. വൗവ്വാലുകളുടെയും ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രം കൂടിയാണ് ടണലും, പരിസരവും.