പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല – ആവര്‍ത്തിച്ച് ഹൈക്കോടതി
കൊച്ചി: പാതയോരത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. മന്നം ഷുഗർ മില്ലിലെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് നിർദേശം. പൊതുസ്ഥലങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു. *സംസ്ഥാന-ദേശീയ പാതയോരങ്ങൾ കൈയ്യേറി രാഷ്ട്രീയപാർട്ടികളും സംഘടനകളും വ്യാപകമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരേ നേരത്തേയും ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.
കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളിൽ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മന്നം ഷുഗർ മില്ലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന തലത്തിൽ തന്നെ ഇക്കാര്യത്തിൽ ഒരു നടപടി വേണമെന്ന നിർദ്ദേശം ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ടുതന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.