അറബിക്കടലിൽ ചക്രവാതചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേയ്ക്കും; അടുത്ത 2 ദിവസം വ്യാപക മഴ: ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം∙ തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപം പുതിയ ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. നവംബർ പതിനഞ്ചോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നു തീവ്രന്യൂന മർദമായി ശക്തി പ്രാപിച്ചേക്കാം. തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലും തിരുവനന്തപുരത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. കന്യാകുമാരി ജില്ലയിലെ പലയിടങ്ങളിലും റെയില്‍വേ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ടു ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നാഗർകോവിലിനു സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു.
നെയ്യാറ്റിൻകരയിൽ മരുത്തൂർ പാലത്തിന്റെ പാര്‍ശ്വ ഭിത്തി തകർന്നതിനെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 400 സെന്റീമീറ്റർ ഉയർത്തി. കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം കലക്ടർ നിർദേശിച്ചു.
റെഡ് അലർട്ട്
∙ നവംബർ 13 ശനി: തിരുവനന്തപുരം
ഓറഞ്ച് അലർട്ട്
∙ നവംബർ 13 ശനി: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
∙ നവംബർ 14 ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട്
∙ നവംബർ 15 തിങ്കൾ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെലോ അലർട്ട്
∙ നവംബർ 13 ശനി: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
∙ നവംബർ 14 ഞായർ: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
∙ നവംബർ 15 തിങ്കൾ: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്-യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാലും മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
∙ നാഗര്‍കോവിൽ–കോട്ടയം പാസഞ്ചർ
∙ ചെന്നെ എഗ്മോർ–ഗുരുവായൂർ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
∙ കന്യാകുമാരി– ബെംഗളൂരു ഐലൻഡ് എക്സ്പ്രസ്
∙ ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്
∙ ചെന്നൈ എഗ്മോർ–കൊല്ലം അനന്തപുരി എക്സ്പ്രസ്
∙ കൊല്ലം– ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ്
∙ തിരുച്ചിറപ്പള്ളി– തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്
∙ തിരുവനന്തപുരം –തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ്
∙ ഗുരുവായൂർ– ചെന്നൈ എഗ്മോർ എക്സ്പ്രസ്
∙ നാഗർകോവിൽ–മംഗലാപുരം പരശുറാം എക്സ്പ്രസ്
∙ കന്യാകുമാരി–ഹൗറ എക്സ്പ്രസ്
∙ ചെന്നൈ എഗ്മോർ– കന്യാകുമാരി എക്സ്പ്രസ്
English Summary: Cyclonic circulation keeps Kerala on alert