സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഇടുക്കിയില്‍ ലഭ്യമാക്കും മന്ത്രി വീണ ജോര്‍ജ്
സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ജില്ലയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലൂടെ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി നിര്‍ത്തിവെച്ച കിടത്തി ചികിത്സാ സൗകര്യവും അത്യാഹിത വിഭാഗവും ആധുനിക സംവിധാനങ്ങളോടെ പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സാ സൗകര്യം നേരത്തെ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ കാലാവസ്ഥയും മറ്റു ചില സാങ്കേതിക കാരണങ്ങളാലും മുന്‍ നിശ്ചയിച്ച നവംബര്‍ ഒന്നിന് കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പന്ത്രണ്ടു ദിവസത്തിനു ശേഷം ഉദ്ഘാടനം നിര്‍വ്വഹിക്കാനായത് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും മറ്റു ജനപ്രതിനിധികളുടേയും ക്രിയാത്മകമായ ഇടപെടലിന്റെ കൂടി ഫലമാണെന്ന് മന്ത്രി അനുസ്മരിച്ചു. 2022-23 അദ്ധ്യായന വര്‍ഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള അംഗികാരത്തിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്്. വൈദ്യുതി ബോര്‍ഡിന്റെ ധനസഹായത്തോടെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ സേവനം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കിടത്തി ചികിത്സാ വിഭാഗവും അത്യാഹിത വിഭാഗവും ആരംഭിക്കുകയാണ്. പുതിയ പുതിയ രോഗം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചികിത്സാ സൗകര്യവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമാണിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ചികിത്സാ വിഭാഗങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് എല്ലാവരുടേയും സഹകരണം തുടര്‍ന്നും ഉണ്ടാകണം. ഇതുവരെ നല്‍കിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും അദ്ധ്യക്ഷത വഹിച്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എം പി, അഡ്വ. എ. രാജ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി.വര്‍ഗീസ്, മുന്‍ എം പി ജോയ്സ് ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.. ജി സത്യന്‍, ഡി എം ഒ ഡോ. എന്‍. പ്രിയ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കല്കടര്‍ ഷീബ ജോര്‍ജ്ജ് സ്വാഗതവും മെഡിക്കല്‍ കോളേജ് ആര്‍ എം ഒ ഡോ. എസ്. അരുണ്‍ നന്ദിയും പറഞ്ഞു.