ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

ഇടുക്കി ജില്ലയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്ന കുടിവെള്ള പദ്ധതികളുടെ പുരോഗതി എ.ഡി.എം. മിനി കെ. ജോണിന്റെ ധ്യക്ഷതയില്‍ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജല-ശുചിത്വ മിഷന്‍ യോഗം വിലയിരുത്തി. വിവിധ നിര്‍വഹണ ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും അവശേഷിക്കുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി.
കേരള വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷനു കീഴില്‍ 13,859 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി. 25,509 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 88.90 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റി പൈനാവ് ഡിവിഷനു കീഴില്‍ 28,381 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 140.21 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 6,761 കണക്ഷനുകള്‍ പൂര്‍ത്തീകരിച്ചു.
കട്ടപ്പന ഡിവിഷനു കീഴില്‍ 1,79,829 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 2,573.45 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 13,978 കണക്ഷനുകള്‍ പൂര്‍ത്തീകരിച്ചു. ജലനിധി മുഖേന 3,946 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 8.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എല്ലാ പ്രവൃത്തികള്‍ക്കും ടെന്‍ഡര്‍ നല്‍കി. ഇതില്‍ 3,602 കണക്ഷനുകള്‍ പൂര്‍ത്തീകരിച്ചു.ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേന 3,937 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 10.03 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 621 കണക്ഷനുകള്‍ക്കുള്ള തുക അനുവദിച്ചിട്ടുണ്ട്. ആവശ്യമായ 560 കണക്ഷനുകളില്‍ 485 എണ്ണം പൂര്‍ത്തീകരിച്ചു. 22 എച്ച്.ടി.സി കണക്ഷനുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിച്ചശേഷം റോഡ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ യോഗം വിലയിരുത്തി. കരിമണ്ണൂര്‍ പഞ്ചായത്തിലെ 25 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വനഭൂമിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ആവശ്യമായ സ്റ്റേജ്-1 അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജലഗുണനിലവാര പരിശോധന ശക്തമാക്കും
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഫീല്‍ഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള ജലപരിശോധന ശക്തമാക്കും. ഇതിന് പഞ്ചായത്ത് തലത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ജലപരിശോധനയുടെ ചുമതലയുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ഡി.ഡബള്യു.എസ്.എം മെമ്പര്‍ സെക്രട്ടറി ടി.എന്‍. സജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

















































































































































