വെള്ളാപ്പാറ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേള്‍വി-സംസാര പരിമിതികളുള്ള കുട്ടികള്‍ പഠിക്കുന്ന ഒറ്റപ്പാലം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 28 വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. ആംഗ്യഭാഷയിലൂടെ പരസ്പരം പരിചയപ്പെട്ടും യാത്രാനുഭവങ്ങള്‍ പങ്കുവെച്ചും കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അര്ജുന് ആനന്ദന് ഇടുക്കിയിലെ വിവിധ വനമേഖലകളേക്കുറിച്ച് ദൃശ്യാവിഷ്കാരത്തിലൂടെ കുട്ടികള്‍ക്ക് വിശദീകരണം നല്കി.
ഇടുക്കി, ചെറുതോണി ഡാമുകളുടെയും വന്യജീവി സങ്കേതത്തിന്റെയും കാഴ്ചകള്‍ കുട്ടികള്‍ ആസ്വദിച്ചു. ഫോറസ്റ്റ് വാച്ചര്‍ കെ.ആര് ദിലീപിന്റെ നേതൃത്വത്തില്‍ പക്ഷിനിരീക്ഷണം, ഇടുക്കി ഡാം, കൊലുമ്പന്‍ ട്രക്കിംഗ് കേന്ദ്രം, മൈക്രോവേവ് വ്യൂ പോയിന്റ്, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ആന, കടുവ, മയില്‍, പുള്ളിമാന്‍ തുടങ്ങിയ വന്യമൃഗങ്ങളേക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളും ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കാളികളായി.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) പി.ആര്. സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്. കണ്ണന്, ഇടുക്കി വൈല്‍ഡ് വാര്ഡന് എന്‍.കെ. അജയഘോഷ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ബി. പ്രസാദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

















































































































































