ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങൾ ഇടുക്കിയിലും മുന്നൊരുക്കം വിപുലം
തൊടുപുഴ: ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ജില്ലയിലും വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കളക്ടർ ഷീബാ ജോർജ് ജില്ലയിൽ എക്സിക്യുട്ടീവ്, ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ നിയമിച്ചു.
പാഞ്ചാലിമേട്, പരുന്തുംപാറ, മുക്കുഴി, ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ ഡ്യൂട്ടി മജിസ്ട്രേറ്റായി കെ.മനോജ്(ഡെപ്യൂട്ടി കളക്ടർ, എൽ.എ.ആൻഡ് എൽ.ആർ.-8547610065), എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി കെ.എസ്.വിജയലാൽ(തഹസിൽദാർ,പീരുമേട്- 9447023597) എന്നിവരെയും സത്രം, കോഴിക്കാനം, വള്ളക്കടവ്, കുമളി എന്നിവിടങ്ങളിൽ ഡ്യൂട്ടി മജിസ്ട്രേറ്റായി എലിസബത്ത് മാത്യൂസ്(അസി. കാർഡമം സെറ്റിൽമെന്റ് ഓഫീസർ, കുമളി-85476100 66), എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി പി.ഡി.സുരേഷ് കുമാർ(തഹസീൽദാർ, എൽ.ആർ., പീരുമേട്- 8547612901)എന്നിവരെയുമാണ് നിയമിച്ചത്. നോഡൽ ഓഫീസറായി ഇടുക്കി ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപന ചുമതല എ.ഡി.എം. ഷൈജു പി.ജേക്കബിനാണ്.
ഒരുക്കങ്ങൾ
താത്കാലിക ബാരിക്കേഡിങ്, അയ്യപ്പൻമാർക്ക് കുടിവെള്ള സംവിധാനം, വെളിച്ചം, മെഡിക്കൽ സംഘം, ബി.എസ്.എൻ.എൽ. മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി, കെ.എസ്.ആർ.ടി.സി. സർവീസുകൾ, താത്കാലിക ശൗചാലയ സംവിധാനം, വാഹന പാർക്കിങ്, ഭക്ഷണസാധനങ്ങളുടെ വില, ഗുണനിലവാരം എന്നിവയുടെ ക്രമീകരണം.
കൺട്രോൾ റൂം
ജില്ലയിൽ 16 മുതൽ കൺട്രോൾ റൂമുകൾ തുറക്കും. ജില്ലാ ആസ്ഥാനത്തടക്കം പ്രവർത്തിക്കും. ഫോൺ- 04862 233111.
മഞ്ചുമല വില്ലേജ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കുന്ന കൺട്രോൾ റൂമിന്റെ ചുമതല പീരുമേട് തഹസീൽദാർ വിജയലാലിനാണ്. മഞ്ചുമല, പെരിയാർ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡസ്‌ക് സെന്ററുകളും തുറക്കും.
ഹെൽപ്പ് ഡസ്‌ക് നമ്പർ:
മഞ്ചുമല – 04869 253362, 8547612910
പെരിയാർ – 04869 224243, 8547612909
സേഫ് സോണുമായി മോട്ടോർ വാഹനവകുപ്പ്
ശബരിമല തീർഥാടന കാലത്തെ റോഡ് സുരക്ഷയ്ക്കായി മോട്ടോർ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും ചേർന്ന് നടത്തുന്ന സേഫ് സോൺ പദ്ധതി 15-ന് ആരംഭിക്കും. കുട്ടിക്കാനം കേന്ദ്രമാക്കിയാണ് സേഫ് സോൺ ഓഫീസ് പ്രവർത്തിക്കുക.
മുണ്ടക്കയം മുതൽ കുമളി വരെയുള്ള 56 കിലോമീറ്റർ റോഡിൽ ആദ്യം പട്രോളിങ് നടത്തും.
തിരക്ക് വർധിക്കുന്നതോടെ കുട്ടിക്കാനം-കമ്പംമെട്ടു റോഡിലും പട്രോളിങ് തുടങ്ങും. ഈ പ്രദേശങ്ങളിൽ 24 മണിക്കുറും മോട്ടോർ വാഹന വിഭാഗത്തിന്‍റെ സേവനം ലഭ്യമാകും.
പദ്ധതിയിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനും തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ വിവിധ റോഡുകളിൽ റോന്തുചുറ്റും. മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖകൾ, വാഹനങ്ങളിൽ പതിപ്പിക്കന്ന സ്റ്റിക്കറുകൾ തുടങ്ങിയവ വിതരണം ചെയ്യും.
മുഴുവൻ സമയവും സഹായം ലഭ്യമാക്കുന്നതിന് ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതിലൂടെ തീർഥാടകർക്ക് കൈമാറും. റോഡിൽ തകരാറിലാകുന്ന വാഹനങ്ങൾക്കായി മൊബൈൽ വർക്ക്ഷോപ്പും ക്രയിൻ സംവിധാനവും പ്രവർത്തിക്കും.
അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യവും പദ്ധതിയുടെ ഭാഗമായി സജ്ജമാണ്.
റോഡ് പരിചയമില്ലാതെയെത്തുന്ന ഇതര സംസ്ഥാന ഡ്രൈവർമാർക്ക് കൊടും വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിനെ കുറിച്ച് മുന്നറിയിപ്പുകളും നൽകും.മണ്ഡലകാലം എത്തുംമുമ്പേ