എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം കുഞ്ഞു മാളികപ്പുറങ്ങൾ!

പെൺകുഞ്ഞുങ്ങളുടെ കാലമാണ്! അയ്യപ്പ സന്നിധിയിലും അങ്ങനെ തന്നെ. ഇത്തവണ ശബരിമല സന്നിധാനത്ത് കുഞ്ഞു മാളികപ്പുറങ്ങളുടെ വലിയ സാന്നിധ്യമാണുള്ളത്. നടപ്പന്തലിലും സോപാനത്തും തിരുമുറ്റത്തും വിരി വെക്കുന്നിടത്തുമെല്ലാം കൗതുകം നിറച്ച കുഞ്ഞി കണ്ണുകൾ ശബരിമലയെന്ന വിസ്മയം നോക്കി കാണുന്നു.
പലരും ആദ്യമായി എത്തുന്നവർ. ആദ്യം ആവേശത്തോടെ കയറി തുടങ്ങി, പിന്നെ ക്ഷീണിച്ചു അച്ഛന്റെ തോളിലേറി അയ്യനെ തൊഴാൻ വന്നവർ. “ആദ്യമായാ ശബരിമലയിൽ വരുന്നത്. നല്ലോണം ഇഷ്ടമായി. എത്രയാ ആളുകൾ…ശബരിമലയിൽ കറുപ്പ് നിറം മാത്രമേ ഉണ്ടാകൂ എന്നാണ് വിചാരിച്ചിരുന്നത്. ഇവിടെ വന്നപ്പോൾ ആളുകൾ മഞ്ഞ വേഷത്തിൽ വരുന്നു, നീലയണിഞ്ഞും മഞ്ഞ വസ്ത്രമിട്ടും കാവിയണിഞ്ഞും വരുന്നു. എതൊക്കെയോ ഭാഷ സംസാരിക്കുന്നു. ഉരക്കുഴിയിലെ മുങ്ങി കുളി ഒരിക്കലും മറക്കില്ല. സ്കൂളിൽ തിരിച്ചെത്തി കൂട്ടുകാരോട് പറയാൻ ഒരുപാട് വിശേഷങ്ങളുണ്ട്,” തലശ്ശേരി, പാനൂരിൽ നിന്ന് വന്ന 9-വയസുകാരി പാർവതി പറഞ്ഞു. അച്ഛൻ വിനയ് കുമാറിന്റെയും പാപ്പന്റെയും കൂടെ വന്ന പാർവതിയെ കാത്തു അമ്മ ഷജ്ന പമ്പയിലുണ്ട്.
വാച്ച്ടവറിൽ തോക്കുമായി കാവൽ നിൽക്കുന്ന ദ്രുതകർമ്മ സേനാംഗത്തെ കുറിച്ചാണ് ചോറ്റാനിക്കരയിൽ നിന്നും വന്ന 8-വയസുകാരി പല്ലവിയ്ക്ക് പറയാനുള്ളത്. “അവർ എത്ര സമയം ഇങ്ങനെ നിൽക്കും? ഇരിക്കാൻ തോന്നില്ലേ… തോക്കിൽ ശരിക്കും ഉണ്ടയുണ്ടോ…” അങ്ങിനെ പോകുന്നു പല്ലവിയുടെ സംശയങ്ങൾ.
പതിനെട്ടാം പടിയിലും സോപാനത്തും ഡ്യൂട്ടിയിലുള്ള പോലീസുകാർ കുഞ്ഞു മാളികപ്പുറങ്ങളെ ഇമവെട്ടാതെ ശ്രദ്ധിക്കുന്നു. കൂട്ടം തെറ്റാതെ അച്ഛന്റെയോ ബന്ധുക്കളുടെ കൂടെയോ തന്നെ അവർ കയറിപ്പോരാൻ സൗകര്യമൊരുക്കുന്നു. അയ്യപ്പനെ നന്നായി കണ്ടുതൊഴാൻ ശ്രീകോവിലിന് മുന്നിൽ കുട്ടികളെ എടുത്തുയർത്തുന്ന പോലീസുകാർ മനോഹരമായ കാഴ്ചയാണ്. തിരക്കൊഴിഞ്ഞ ഇടവേളകളിൽ കുഞ്ഞുങ്ങളെ ലാളിക്കുന്ന സേനാംഗങ്ങളെയും കാണാം.
ഡ്യൂട്ടിയിലുള്ള പോലീസുകാരനായ അച്ഛനെ കണ്ട ആഹ്ലാദത്തിലായിരുന്നു പാലക്കാട് നിന്ന് വന്ന ഷാരോൺ. പത്തു ദിവസത്തിൽ അധികമായി അച്ഛനെ കാണാതിരുന്ന കുട്ടി ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന അച്ഛനെ കണ്ടതും ഓടിവന്നു കെട്ടിപ്പിടിച്ചു. ആദ്യ ദിവസങ്ങളിൽ തിരക്ക് കുറഞ്ഞതു കാരണം കുഞ്ഞു മാളികപ്പുരങ്ങൾക്ക് സുഖദർശനം സാധ്യമായതിൽ ബന്ധുക്കൾക്കും ആശ്വാസം.

















































































































































