San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭക്തിയുടെയും ചരിത്രത്തിന്റെയും മുദ്രയായി ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ്



ശബരിമല സന്നിധാനത്ത് അയ്യപ്പദർശനത്തിനായി എത്തുന്ന ഓരോ ഭക്തന്റെയും മനസ്സിൽ പതിയുന്ന ചില കാഴ്ചകളുണ്ട്. അവയിൽ ഒന്നാണ് പതിനെട്ടാം പടിയുടെ പുണ്യസ്മരണകൾ പേറുന്ന സന്നിധാനം പോസ്റ്റ് ഓഫീസ്. ഭക്തിയും ചരിത്രവും ഇഴചേർന്ന ഈ തപാൽ സ്ഥാപനം, ഭാരതീയ തപാൽ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ സവിശേഷമായ ഇടം നേടിയിരിക്കുന്നു. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ഈ പോസ്റ്റ് ഓഫീസ്, കാലങ്ങൾക്കിപ്പുറവും അയ്യപ്പഭക്തരുടെ ആത്മബന്ധത്തിന്റെ ഭാഗമായി തുടരുകയാണ്. ഈ മണ്ഡലകാലത്തും പോസ്റ്റ് ഓഫീസിൽ എത്തി കാർഡിൽ കത്തെഴുതിയും പ്രസാദം പാർസൽ അയച്ചും ഓർമകൾ കുറിക്കുന്ന ഭക്തർ നിരവധിയാണ്.

2026-27 തീർത്ഥാടന കാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഇ സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്.689713 എന്നതാണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിൻകോഡ്. 1963-ലാണ് സന്നിധാനത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

1974-ൽ നിലവിൽവന്ന പ്രത്യേക തപാൽ മുദ്രയാണ് ഈ പോസ്റ്റ് ഓഫീസിന്റെ മറ്റൊരു ചരിത്രസവിശേഷത. പതിനെട്ടാം പടിയും അതിനു മുകളിൽ വിരാജിക്കുന്ന അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത ഈ പ്രത്യേക മുദ്ര (Special Cancellation Stamp) ഭക്തർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഒരുപോലെ കൗതുകവും അഭിമാനവുമാണ്. ഇവിടെനിന്ന് അയക്കുന്ന കത്തുകളിലും പോസ്റ്റ്കാർഡുകളിലും ഈ മുദ്ര പതിപ്പിക്കും.

മകരവിളക്ക് തീർത്ഥാടനത്തിനു ശേഷം നട അടയ്ക്കുന്നതോടെ മുദ്ര സുരക്ഷിതമായി പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ ഓഫീസിലേക്ക് മാറ്റും. അടുത്ത തീർത്ഥാടന കാലത്താണ് വീണ്ടും സന്നിധാനത്ത് എത്തിക്കുക. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ ഈ സവിശേഷ മുദ്ര പതിപ്പിച്ച പോസ്റ്റ്കാർഡുകൾ സ്വന്തം വിലാസത്തിലേക്കും പ്രിയപ്പെട്ടവർക്കും അയക്കുന്നത് പതിവാണ്. അങ്ങനെ, സന്നിധാനത്തുനിന്ന് യാത്രയാകുന്ന ഓരോ കത്തും അയ്യപ്പസന്നിധിയുടെ പുണ്യസ്മരണകൾ പേറുന്ന ഒരു കൊച്ചു സന്ദേശമായി മാറുന്നു.

ദർശനത്തിനുശേഷം ഭക്തർക്ക് അരവണയും അപ്പവും മറ്റ് പ്രസാദങ്ങളും അനായാസം നാട്ടിലെത്തിക്കാനുള്ള സൗകര്യമാണ് ഈ
മണ്ഡലകാലത്ത് ആരംഭിച്ച പ്രത്യേക പ്രസാദ ബുക്കിംഗ് കൗണ്ടറിന്റെ പ്രധാന ആകർഷണം. ദേവസ്വം ബോർഡിന്റെ അരവണ-അപ്പം വിതരണ കൗണ്ടറുകൾക്ക് സമീപമാണ് ഇന്ത്യാ പോസ്റ്റിന്റെ ഈ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് കൗണ്ടർ ഉദ്ഘാടനം ചെയ്തത്.

ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് പ്രസാദം കൈയിൽ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കി സ്പീഡ് പോസ്റ്റ് വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിലേക്ക് സുരക്ഷിതമായി അയക്കാം. പ്രസാദത്തിന്റെ വിലയും തപാൽ നിരക്കും ഒരുമിച്ച് നൽകി പ്രത്യേക കൗണ്ടറിൽനിന്ന് ബുക്ക് ചെയ്യാം. ദേവസ്വം കൗണ്ടറിൽനിന്ന് വാങ്ങിയ അരവണയ്ക്ക് തപാൽ നിരക്ക് മാത്രം നൽകി അയക്കുന്നതിനും സൗകര്യമുണ്ട്.

ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത ഭക്തർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്പീഡ് പോസ്റ്റ് ആയി ബുക്ക് ചെയ്ത് വീട്ടിലിരുന്ന് അയ്യപ്പപ്രസാദം കൈപ്പറ്റാം. അങ്ങനെ സന്നിധാനത്തെ ദർശനാനുഭവത്തോടൊപ്പം അയ്യപ്പന്റെ പ്രസാദവും ദൂരദേശങ്ങളിലുള്ള ഭക്തരുടെ വീടുകളിലെത്തുന്നു.

പ്രസാദ വിതരണത്തിനപ്പുറം സാധാരണ തപാൽ, രജിസ്റ്റേർഡ് തപാൽ, പാഴ്സൽ, മണി ഓർഡർ, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB) തുടങ്ങിയ സേവനങ്ങളും സന്നിധാനം സബ് പോസ്റ്റ് ഓഫീസ് ലഭ്യമാക്കുന്നുണ്ട്. തീർത്ഥാടകർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കും ഈ സേവനങ്ങൾ ഏറെ പ്രയോജനകരമാണ്.

കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സേവനരീതികളിലും പുതുമകൾ സ്വീകരിക്കുമ്പോഴും, പതിനെട്ടാം പടിയുടെ ചിത്രം പതിഞ്ഞ ആ പഴയ തപാൽ മുദ്ര ഇന്നും സന്നിധാനത്തിന്റെ ചരിത്രസ്മരണയായി നിലകൊള്ളുന്നു. ഭക്തിയുടെ സന്ദേശങ്ങൾ കത്തുകളിലൂടെ കൈമാറിയിരുന്ന കാലത്തുനിന്ന് അയ്യപ്പപ്രസാദം സ്പീഡ് പോസ്റ്റിലൂടെ വീടുകളിലെത്തുന്ന പുതിയ കാലത്തേക്കുള്ള യാത്ര കൂടിയാണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റേത്. ഇവിടെനിന്ന് പുറപ്പെടുന്ന ഓരോ തപാൽ ഉരുപ്പടിയിലും വിലാസത്തിനപ്പുറം അയ്യപ്പസന്നിധിയുടെ ഒരു പുണ്യസ്മരണയും മുദ്രണം ചെയ്യപ്പെടുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button