ബാലചിത്രരചനാ മത്സരം 28ന്

അടിമാലി: വൈ.എം.സി.എ അഖില കേരള ബാലചിത്രരചനാ മത്സരം 28ന് അടിമാലിയിൽ നടക്കും. വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് മത്സരം. ‘ എന്റെ സ്വപ്നത്തിലെ ഭൂമി ‘ എന്നതാണ് വിഷയം. നഴ്സറി മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി വിഭാഗത്തിൽ (അഞ്ച് വയസ് വരെ) കളറിംഗ് മത്സരവും മറ്റ് വിഭാഗങ്ങളിൽ ചിത്രരചനാ മത്സരവുമാണ് നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വരയ്ക്കുന്നതിനാവശ്യമായ പേപ്പർ നൽകും. രജിസ്ട്രേഷൻ സൗജന്യമാണ്. പേര്, പഠിക്കുന്ന ക്ലാസ്, വയസ്, ജനനതീയതി എന്നിവയുടെ സ്കൂൾ പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായാണ് മത്സരദിവസം എത്തേണ്ടത്. പെൻസിൽ, ക്രയോൺസ്, കളറിംഗ് മെറ്റീരിയലുകൾ എന്നിവ മത്സരാർഥികൾ കൊണ്ടുവരണം. ഓയിൽപെയിന്റ് ഉപയോഗിക്കാൻ അനുവാദമില്ല. സോപാനം സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.കുര്യൻ പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് ടോം വി തോമസ് അദ്ധ്യക്ഷത വഹിക്കുമെന്നും പ്രസിഡന്റ് ടോം വി തോമസ്, സെക്രട്ടറി അഡ്വ. നോബിൾ മാത്യു, നാഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡോ.ബിജു മാന്തറക്കൽ, വൈസ് പ്രസിഡന്റ് ഡോ.ജോയി കോയിക്കക്കുടി എന്നിവർ പറഞ്ഞു.

















































































































































