പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവ*നൊടു*ക്കി, പിന്നാലെ 18-കാരിയും ആ*ത്മഹ*ത്യചെയ്തു

അടിമാലി: മാമലക്കണ്ടം എളംബ്ലാശ്ശേരി ഉന്നതിയിൽ യുവാവ് തൂങ്ങിമരി*ച്ചതിന് പിന്നാലെ സമീപവാസിയായ യുവതിയും തൂങ്ങിമരിച്ചനിലയിൽ. ഉന്നതിയിൽ താമസിക്കുന്ന വാസുവിന്റെ മകൻ വിജയ് (19), ദേവയാനിയുടെ കൊച്ചുമകൾ അമൃത (18) എന്നിവരാണ് രണ്ടുദിവസത്തെ വ്യത്യാസത്തിൽ മരിച്ചത്. ഇരുവരും ഏതാനുംനാളുകളായി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി കഴിഞ്ഞ ദിവസം വിജയ്യുടെ വീട്ടിൽ പ്രശ്നമുണ്ടായി. പിന്നീട് വിജയ്യുടെ മാതാവ് അയൽവീട്ടിൽ പോയപ്പോൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിജയ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് ഉന്നതിയിൽ വിജയ്യുടെ സംസ്കാര ചടങ്ങുകൾ നടന്നത്. മരണവിവരം അറിഞ്ഞത് മുതൽ അമൃത മാനസികദുഃഖത്തിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ അമൃത വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, 500 മീറ്റർ അകലെയുള്ള സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഉന്നതി നിവാസികൾ കണ്ടെത്തിയത്.
വ്യാഴാഴ്ച കോതമംഗലത്തെ താലൂക്കാശുപത്രിയിൽ അമൃതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച ഉന്നതിയിലെ ശ്മശാനത്തിൽ സംസ്കരിക്കും. വിജയ് വിദ്യാഭ്യാസം കഴിഞ്ഞ് കൂലിവേലയുമായി കഴിയുകയായിരുന്നു. അമൃത പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം കോതമംഗലത്ത് ടി.ടി.സി.ക്ക് പഠിക്കുകയായിരുന്നു. ചെറുപ്രായത്തിൽ മാതാവ് മരിച്ചുപോയ അമൃത മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

















































































































































