അമേരിക്കയില്‍ യുവ ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെടിയേറ്റു മരിച്ചു; 22 കാരനായ അക്രമി പിടിയില്‍

അമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3.39 ഓടെ ജാക്സണിലെ ഗ്രീന്‍ ഗോസ്റ്റ് ടാക്കോസ് റെസ്റ്റോറന്റിന് പുറത്തായിരുന്നു 18 കാരനായ ക്രിസ് മഹാത്മാ ആണ് മരിച്ചത്. ഡാര്‍ക്ക് ഹോഴ്സ് പ്രസ്സ് റിപ്പോര്‍ട്ട് പ്രകാരം ക്രിസ് മഹാത്മയും തന്റെ കോപിയ-ലിങ്കണ് വോള്‍വ്സ് ടീമിനായി കളിക്കുന്ന മറ്റു അംഗങ്ങളും റെസ്റ്റോറന്റിന് പുറത്ത് ലഹരി ഉപയോഗിച്ച് ഒരാളെ കണ്ടുമുട്ടിയതായി പറയുന്നു. ഇതിനിടെ ഒരാള്‍ ഒരു തോക്ക് പുറത്തെടുത്ത് ക്രിസ് മഹാത്മ അടക്കം കൂട്ടം കൂടി നിന്നവരുടെ ഇടയിലേക്ക് വെടിയുതിര്‍ക്കുകയും യുവതാരത്തെ മര്‍ദ്ദിക്കുകയുമായിരുന്നു.
പരിക്കേറ്റ ക്രിസ് മഹാത്മയെ ഉടന്‍ സ്വകാര്യ വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡാനി ലൂണ (22) എന്നയാളെ ക്യാപിറ്റോള്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്നാണ് വിവരം. അതേ സമയം സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് മിസിസിപ്പി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വ്യക്തമാക്കിയിട്ടില്ല.
അക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്തത് നീതിനിര്വഹണത്തിലേക്കുള്ള നിര്‍ണായക ഘട്ടമാണെങ്കിലും ഒരു യുവതാരത്തെ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ലഘൂകരിക്കാന്‍ ഈ നടപടിക്കും കഴിയില്ല. പോലീസ് ചീഫ് മാര്‍ക്ക് മില്ലര്‍ പറഞ്ഞു. കോപ്പിയ-ലിങ്കണ് കമ്മ്യൂണിറ്റി കോളേജില്‍ പുതിയതായി പ്രവേശനം നേടിയതായിരുന്നു ക്രിസ് മഹാത്മ. ഈ കോളേജിന് തെക്ക് മാറി 45 മൈല്‍ (എകദേശം 73 കിലോമീറ്റര്‍) അകലെ ജാക്സണിലാണ് വെടിവയ്പ്പ് നടന്നത്.
ക്രിസ് കോളേജ് ടീമായ കോപ്പിയ-ലിങ്കണ് വോള്വ്സിലെത്തിയിട്ട് മൂന്ന് മാസം മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നാഷണല്‍ പാര്‍ക്ക് കോളേജിനെതിരായ മത്സരത്തില്‍ ടീമിന്റെ 3-2 വിജയത്തില്‍ ഒരു ഗോള്‍ ക്രിസ് മഹാത്മയുടെ വകയായിരുന്നു. 14 മത്സരങ്ങള്‍ മൂന്നുമാസം കൊണ്ട് യുവതാരം കളിച്ചിരുന്നു.

















































































































































