250 അംഗ ദൗത്യ സംഘം; എന്നിട്ടും എന്തുകൊണ്ട് ചക്കക്കൊമ്പൻ ദൗത്യം അപകടകരമാകുന്നു? മഴയും ആനയുടെ നീക്കവും വെല്ലുവിളി

ചിന്നക്കനാൽ ∙ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോകോളർ ധരിപ്പിക്കാനുള്ള ദൗത്യം അരിക്കൊമ്പൻ ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായി ഏറെ ശ്രമകരവും അപകടം പിടിച്ചതുമാണെന്ന് ഹൈറേഞ്ച് സിസിഎഫ് ഡി.കെ.വിനോദ്കുമാർ പറഞ്ഞു. പൂർണ ആരോഗ്യവാനായ ചക്കക്കാെമ്പനെ മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനാണ് ഏറെ സമയമെടുത്തത്. ആനയിറങ്കൽ ജലാശയത്തിന്റെ കരയിലും ചതുപ്പിലും കുത്തിറക്കമുള്ള സ്ഥലത്തും വച്ച് മയക്കുവെടി വയ്ക്കാൻ കഴിയാത്തതിനാൽ ട്രാക്കിങ് സംഘം ഏറെ പണിപ്പെട്ടാണ് 301 കോളനിക്ക് സമീപമുള്ള ഓമനക്കുഴിയിൽ തുറസായ സ്ഥലത്ത് കൊമ്പനെ എത്തിച്ചത്. പടക്കം പാെട്ടിച്ചാണ് ആനയെ ജലാശയത്തിന്റെ കരയിൽ നിന്നും തുരത്തി ഇവിടെയെത്തിച്ചത്. മയക്കുവെടി വയ്ക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ പാലിക്കേണ്ടിയിരുന്നു. മയക്കു വെടിയേറ്റ ആന ഇരിക്കാതെയും കിടക്കാതെയും മയങ്ങി നിൽക്കുമ്പോൾ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയൂ. 250 അംഗ ദൗത്യ സംഘം
വനംവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 250 പേരാണ് ഇന്നലെ ചക്കക്കാെമ്പൻ ദൗത്യത്തിൽ പങ്കെടുത്തത്. ഇതിൽ ട്രാക്കിങ് ടീം, വെറ്ററിനറി സർജൻമാർ, ബയോളജിസ്റ്റുകൾ, ആർആർടി, പാപ്പാൻമാർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 150 പേരാണ് വനം വകുപ്പിൽ നിന്നുമുണ്ടായിരുന്നത്. ഇന്നത്തെ ദൗത്യത്തിലും ഇതേ സംഘമാണുള്ളത്. ഇന്നലത്തെ ദൗത്യത്തോടെ ക്ഷീണിതരായ 15 അംഗ ട്രാക്കിങ് ടീമിന് പകരം പുതിയ ആളുകളെ ട്രാക്കിങ് ടീമിൽ നിയമിക്കും. ഇന്ന് രാവിലെ 7നാ ണ് ദൗത്യം പുനരാരംഭിക്കുക.
മഴയും ആനയുടെ നീക്കവും വെല്ലുവിളി
ഇന്നലെ ഉച്ചയോടെ ചിന്നക്കനാൽ മേഖലയിൽ കനത്ത മഴ പെയ്തതും മുടൽ മഞ്ഞിറങ്ങിയതും ദൗത്യ സംഘത്തെ പ്രതിസന്ധിയിലാക്കി. ആദ്യത്തെ മയക്കുവെടി വച്ചതിനു ശേഷം രണ്ടാമത്തെ ഡോസ് കാെടുക്കും മുൻപ് തന്നെ ഡാർട്ടിങ് ടീമിന് ആനയെ വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇന്ന് ദൗത്യം പുനരാരംഭിക്കുമ്പോൾ കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വീണ്ടും നീട്ടി വയ്ക്കേണ്ടി വരും.
നിലവിൽ ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള ചക്കക്കാെമ്പൻ മതികെട്ടാൻചോലയിലേക്ക് കയറിപ്പോകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളുന്നില്ല. ചക്കക്കാെമ്പൻ ദേശീയപാത മുറിച്ചു കടന്ന് മതികെട്ടാൻചോല ഭാഗത്തേക്ക് പോകാതിരിക്കാൻ ആർആർടി സംഘം രാത്രിയും തോണ്ടിമല, ചൂണ്ടൽ ഭാഗത്ത് നിരീക്ഷണം തുടർന്നു.

















































































































































