ഭക്ഷ്യപരിശോധന പേരിന് മാത്രം, എല്ലാം പ്രഹസനമെന്ന് വ്യാപക വിമർശനം

തൊടുപുഴ: ശബരിമല സീസണായതിന്റെ തിരക്കിനൊപ്പം ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകൾ ആശങ്കയുണർത്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 120 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കട്ടപ്പനയിലും അടിമാലിയിലും ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിച്ച വിനോദസഞ്ചാരികളടക്കമുള്ളവർക്കായിരുന്നു ആരോഗ്യപ്രശ്നം. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഓടിയെത്തുന്ന സമീപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റേതെന്നും വിമർശനമുണ്ട്. തങ്ങൾ സജീവമായി രംഗത്തുണ്ടെന്ന് അറിയിക്കാനായി ചില കടകളിൽ മാത്രം പരിശോധന നടത്തി പിഴയീടാക്കി കേസുകളുടെ എണ്ണം മാദ്ധ്യമവാർത്തയായി നൽകുന്നതല്ലാത ആത്മാർത്ഥമായ പരിശോധന ഒരിടത്തുമില്ലെന്നും വ്യാപക പരാതിയുണ്ട്. ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന പ്രധാന പാതയിലാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നതും അതീവഗൗരവമുള്ളതാണ്. തീർത്ഥാടനം ആരംഭിച്ചതോടെ മൂന്നിടങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധന ശക്തമാക്കിയതായ ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അധികൃതരുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. പ്രശ്നമുണ്ടാകുമ്പോൾ ഹോട്ടലുകളിൽ എത്തി സാമ്പിളുകൾ ശേഖരിക്കുന്നതല്ലാതെ ഇതിന്റെ പരിശോധനാഫലം കൃത്യമായി പുറത്ത് വിടാൻ അധികൃതർ തയ്യാറാകുന്നുമില്ല. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ രണ്ടു സ്ഥലങ്ങളിൽ കട്ടപ്പനയിൽ നിന്ന് മാത്രമാണ് ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കാനായത്. അടിമാലിയിൽ തങ്ങൾ എത്തിയപ്പോഴേക്കും ഭക്ഷണസാധനങ്ങൾ നീക്കം ചെയ്തതായാണ് ഉദ്യോഗസ്ഥരുടെവാദം. എന്നാൽ ഇവിടെയുണ്ടായ സംഭവങ്ങൾ കൃത്യസമയത്ത് അധികൃതരെ അറിയിച്ചിട്ടും ഞായറാഴ്ച അവധിയായതിനാൽ എത്താത്തത് മൂലമാണ് സാമ്പിൾ ശേഖരിക്കാനാകാത്തതെന്ന വിമർശനവും ശക്തമാണ്. ഉത്തരവാദിത്തംആരോഗ്യവകുപ്പിന് മേൽ ഇടുംജില്ലയിൽ എവിടെ ഭക്ഷ്യവിഷബാധയുണ്ടായാലും അത് സ്ഥിരീകരിക്കാൻ പോലുമുള്ള താത്പര്യം പോലും ഭക്ഷ്യസുരക്ഷാവകുപ്പ് കാട്ടുന്നില്ലെന്ന വിമർശനം ശക്തമാണ്. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ തലയിലിട്ട് ഒഴിവാകുന്നതായും വ്യാപക പരാതിയുണ്ട്. ജില്ലാ സർവൈലൻസ് ഓഫീസറാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നാണ് അധികൃതരുടെ ന്യായീകരണം. ആരോഗ്യവകുപ്പ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ ഇക്കാര്യം ഉറപ്പാക്കാനാകൂവെന്നതാണ് നിലപാട്. പ്രശ്നമുണ്ടാകുന്ന ഇടങ്ങളിൽ കൃത്യമായെത്തി ഇടപെടൽ നടത്താൻ അധികാരമുള്ള വകുപ്പാണ് ആരോഗ്യവകുപ്പിന്റെ പരിശോധന റിപ്പോർട്ടിന്റെ പേരിൽ നടപടികൾ വൈകിപ്പിക്കുന്നത്. ജില്ലയിൽ ഈ വർഷം ആറ് കേസുകളിൽ മാത്രമാണ് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പിനും കണ്ടെത്താനായിട്ടുള്ളൂ. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന കേസുകളാണ് കൂടുതലും.

















































































































































